കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസില്‍ റോയി വയലാട്ട് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. ബുധനാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് കൂടുതല്‍വാദം കേള്‍ക്കാനായി ഹൈക്കോടതി ജാമ്യഹര്‍ജി മാറ്റിവെച്ചത്. ഹര്‍ജി ഇനി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
തിങ്കളാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് പരാതിക്കാരിയെന്നും ഇവര്‍ മകളുമായി സ്വന്തം ഇഷ്ടപ്രകാരം ഹോട്ടലിലെത്തിയതാണെന്നുമാണ് പ്രതികള്‍ ഇന്ന് വാദിച്ചത്.
ഹോട്ടലുടമ റോയ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ ഒരു വിധി ഇന്ന് ഹൈക്കോടതിയില്‍ നിന്നുമുണ്ടാകുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യമായ വാദങ്ങള്‍ കൂടാതെ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയാണ് കോടതി ചെയ്തത്. കൂടുതല്‍ വാദം കേള്‍ക്കാന്‍ കോടതിക്ക് സമയമില്ലാത്ത പശ്ചാത്തലത്തിലാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചത്.
പ്രതിയായ റോയി വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ ബുധനാഴ്ച കോടതിയില്‍ പറഞ്ഞത്. അതിനാല്‍ റോയി വയലാട്ട് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ പോക്‌സോ കേസിലെ പരാതിക്കാരി മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരി ഓരോ ദിവസവും മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പുറത്തുവിടുകയാണ്. ഈ പരാതിക്കാരി നേരത്തെയും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ശ്രമിച്ചുണ്ട്. അതിന് കേസുകളുമുണ്ട്. ഇതിന്റെ തെളിവുകളും വിശദാംശങ്ങളും ഹാജരാക്കാമെന്നും പ്രതിഭാഗം പറഞ്ഞു.
കേസില്‍ റോയി വയലാട്ട് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി രേഖാമൂലം ഉത്തരവ് നല്‍കിയില്ല. നേരത്തെ വാക്കാല്‍ നല്‍കിയ നിര്‍ദേശം ആവര്‍ത്തിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. അതിനാല്‍തന്നെ തിങ്കളാഴ്ച വരെ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളുമായി അന്വേഷണസംഘം മുന്നോട്ടുപോകാന്‍ സാധ്യതയില്ല.
2021 ഒക്ടോബര്‍ 20ന് റോയ് വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍.
മോഡലുകളുടെ അപകട മരണത്തിന് ശേഷം ചിലര്‍ പ്രത്യേക ലക്ഷ്യത്തോടെ തന്നെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പോക്സോ കേസ് വന്നതെന്നും ഇതിനു പിന്നില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുമുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കൊച്ചിയിലെ നമ്പര്‍.18 ഹോട്ടല്‍ പീഡനക്കേസിലെ പരാതിക്കാരി നേരത്തേ വ്യക്തമാക്കിയിരുന്നു.