റിയാദ് : മൂന്നു നൂറ്റാണ്ട് മുമ്പ് സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ വാർഷികം ഫെബ്രുവരി 22ന് ആചരിക്കാനിരിക്കെ രാജ്യത്തെങ്ങും വിപുലമായ ഒരുക്കങ്ങളും ആരവങ്ങളും ഉയർന്നു. തോരണങ്ങളും അലങ്കാരങ്ങളും കൊണ്ട് തെരുവുകളും പാതകളും ഭംഗിയാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സൗദിയുടെ പ്രതാപത്തെ വിളിച്ചോതുന്ന പരസ്യപ്പലകകളും ഉയർന്നു. കമ്പനികൾ സ്ഥാപകദിനത്തിന്റെ പ്രത്യേക ലേബൽ ഒട്ടിച്ച ഉത്പന്നങ്ങളും വിപണിയിലെത്തിക്കാൻ തുടങ്ങി. വിശാലമായ ഉത്ഭവ ചരിത്രത്തിലേക്ക് ഓർമകളെ കൊണ്ടുപോകുന്ന സ്ഥാപകദിനത്തിൽ ഒരു അവധികൂടി ലഭിച്ച സന്തോഷത്തിൽ കൂടിയാണ് പ്രവാസികൾ ഈ ആഘോഷങ്ങളിൽ പങ്കാളികളാകുന്നത്.
ജനുവരി 27 നാണ് എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപകദിനമായി ആചരിക്കാൻ സൽമാൻ രാജാവ് ഉത്തരവിടുന്നത്. സ്ഥാപകദിനം പൊതു അവധിയായിരിക്കുമെന്നും രാജാവ് പ്രഖ്യാപിച്ചു. ഇതോടെ രാഷ്ട്ര സൃഷ്ടിയുമായി ബന്ധപ്പെട്ട രണ്ട് ദിനങ്ങളാണ് സൗദിയിൽ വർഷാവർഷം ആചരിക്കുക. ഒന്ന് സൗദി ദേശീയ ദിനവും മറ്റൊന്ന് സൗദി സ്ഥാപകദിനവും. 1932 സെപ്റ്റംബർ 23-ന് അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ കീഴിൽ മൂന്നാം ഘട്ട സൗദി സംസ്ഥാപനത്തിന്റെ ഏകീകരണത്തെ സൂചിപ്പിക്കുന്നതാണ് സൗദി ദേശീയ ദിനം. 1727 ഫെബ്രുവരി 22-ന് സൗദി ഇമാം മുഹമ്മദ് ബിൻ സൗദിന്റെ കീഴിൽ ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണാർഥമാണ് ഇപ്പോൾ സൗദി സ്ഥാപക ദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്.