അജ്മാൻ: സ്കൂൾ ബസ് ഇടിച്ചു ബാലിക മരിച്ചു. അജ്മാനിലെ അൽ ഹമീദിയ്യയിലാണു അപകടമുണ്ടായത്. സ്കൂൾ വിട്ടു ബസിൽ നിന്നിറങ്ങിയ 12 വയസ്സുകാരിയെ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിനു കാരണമായത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അജ്മാൻ പട്രോളിങ് വകുപ്പ് തലവൻ ലഫ്.കേണൽ സൈഫ് അബ്ദുല്ല അൽഫലാസി അറിയിച്ചു. ഉമ്മു അമാർ സ്കൂളിലെ ഗൾഫ് വിദ്യാർഥിയാണു മരിച്ചത്. സ്കൂൾ ബസിൽ സൂപ്പർവൈസർ ഇല്ലായിരുന്നു.
ഏഷ്യൻ രാജ്യക്കാരനാണ് ബസ് ഡ്രൈവറെന്ന് ലഫ്.കേണൽ സൈഫ് പറഞ്ഞു. സ്കൂൾ ബസ് ഡ്രൈവർമാർ വിദ്യാർഥികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ അതീവ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്ന് അൽ ഫലാസി ഓർമിപ്പിച്ചു. അജ്മാൻ പൊലീസ് കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു.