കൊച്ചി: ഹോട്ടൽ മുറി വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് ഇടപാട് നടത്താനെത്തിയ യുവതി ഉൾപ്പെടുന്ന എട്ടംഗ സംഘം പിടിയിൽ. പ്രതികളിൽനിന്ന് 56 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.
എറണാകുളം സ്വദേശി റിച്ചു റഹ്മാൻ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), കണ്ണൂർ സ്വദേശി സി.എം. സൽമാൻ (26), തൃശ്ശൂർ സ്വദേശി വിബീഷ് (32), വാങ്ങാനെത്തിയ കൊല്ലം സ്വദേശികളായ ഷിബു (37), സുബൈർ (29), ആലപ്പുഴ സ്വദേശി ശരത് (33), കൊല്ലം സ്വദേശിനി തൻഷീല (24) എന്നിവരെയാണ് സംസ്ഥാന എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളിയിലെ ഹോട്ടൽ മുറി ഓയോ ആപ്പ് വഴി വാടകയ്ക്ക് എടുത്താണ് പ്രതികൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. റിച്ചു റഹ്മാൻ, മുഹമ്മദ് അലി, വിബീഷ്, സൽമാൻ എന്നിവരാണ് ഇടപാട് നിയന്ത്രിച്ചിരുന്നത്.ഇവർ 15 ദിവസമായി ഇടപ്പള്ളിയിൽ ഹോട്ടൽ മുറിയിൽ മയക്കുമരുന്ന് ഇടപാടിനായി തങ്ങുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. അനികുമാറിന് മയക്കുമരുന്ന് കൈമാറ്റത്തെ കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. മൂന്നു മണിയോടെ എക്‌സൈസ്, കസ്റ്റംസ് സംഘം ഹോട്ടൽ മുറിക്കടുത്ത് താവളമുറപ്പിച്ചു. ലഹരി വാങ്ങാൻ തൻഷീല ഉൾപ്പെടെയുള്ള നാലംഗ സംഘം ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഹോട്ടൽ പരിസരത്ത് എത്തി. തൻഷീല കാറിലിരിക്കുകയും മൂന്നുപേർ ഹോട്ടൽ മുറിയിലേക്ക് മയക്കുമരുന്ന് കൈമാറ്റത്തിനായി കടന്ന സമയം എക്‌സൈസ്-കസ്റ്റംസ് സംയുക്ത സംഘം പ്രതികളെ വളയുകയായിരുന്നു. പിന്നാലെ വനിതാ ഉദ്യോഗസ്ഥരെ വരുത്തി തൻഷീലയെയും കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽനിന്നും കാറിൽ നിന്നുമായിട്ടാണ് 56 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തത്.