തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ പുറത്ത് നിന്ന് വന്നയാൾ ഹെൽമെറ്റ് കൊണ്ട് മർദിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. പുതിയകാവ് സ്വദേശി ഷിജിക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരിയായ സുജിതയുടെ ഭർത്താവ് സതീഷ് ആണ് മർദിച്ചതെന്ന് ഷിജിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
പക്ഷെ, ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിൽ ഇന്ന് മാത്രമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. മർദ്ദനമേറ്റത്തിന് പിന്നാലെ സൂപ്പർമാർക്കറ്റ് ഉടമയോടൊപ്പം ഷിജി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നുവെങ്കിലും കേസെടുക്കണോ എന്നാണ് പൊലീസ് ആദ്യം ചോദിച്ചതെന്ന് ഷിജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ കേസെടുക്കണമെന്ന് ഷിജിയും സൂപ്പർമാർക്കറ്റ് ഉടമയും കർശന നിലപാടെടുത്തു. എന്നിട്ടും വളരെ വൈകിയാണ് പൊലീസ് ഒടുവിൽ കേസ് എടുക്കാൻ തയ്യാറായത്.