മംഗലംഡാം : മംഗലം അണക്കെട്ടിലെ മണ്ണുനീക്കൽ പുനരാരംഭിക്കാൻ നടപടിയായി. ആറുമാസമായി പ്രവർത്തനംനിലച്ച പദ്ധതിയാണിത്. കമ്പനി സർക്കാരിലേക്കടക്കേണ്ട പ്രതിമാസ ഗഡുക്കൾ മുടങ്ങിയതോടെ കടത്തുപാസ് അനുവദിക്കാതെ തടയുകയായിരുന്നു.
കുടിശ്ശികയിൽ ഒരുവിഹിതം ഇപ്പോൾ അടയ്ക്കാനും ബാക്കി മണ്ണുനീക്കം ആരംഭിച്ചാലുടൻ തീർക്കാനുമാണ് ധർത്തികമ്പനി ഉറപ്പുനൽകിയിട്ടുള്ളത്. ഒരാഴ്ചയ്ക്കകം മണ്ണുനീക്കൽ ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
കെ.ഡി. പ്രസേനൻ എം.എൽ.എ., കളക്ടർ മൃൺമയി ജോഷി, ജലസേചനവകുപ്പ് അധികൃതർ, കമ്പനി പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. അണക്കെട്ടിൽനിന്ന് അവക്ഷിപ്തങ്ങൾ നീക്കി ജലസംഭരണശേഷി വർധിപ്പിക്കാനും പ്രളയം തടയാനുമുദ്ദേശിച്ചുള്ള സംസ്ഥാനത്തെ പ്രഥമ പരീക്ഷണപദ്ധതി പാളുന്നതിൽ സർക്കാരിനും അതൃപ്തിയുണ്ടായിരുന്നു. കരാർകമ്പനിയും ഉപകരാറുകാരുമായുള്ള തർക്കമാണ് പദ്ധതിയെ അവതാളത്തിലാക്കിയത്. തൊഴിലാളികൾ സ്വയം പിരിഞ്ഞുപോയി കമ്പനി ഓഫീസിന്റെ പ്രവർത്തനംപോലും നാമമാത്രമായിരുന്നു.
2021 ഫെബ്രുവരി 12-നാണ് മണ്ണുനീക്കൽ ആരംഭിച്ചത്. മൂന്നുവർഷം കൊണ്ട് 30 ദശലക്ഷം മെട്രിക് ക്യുബിക് അടിമണ്ണ് നീക്കംചെയ്യാനായിരുന്നു വ്യവസ്ഥ. നിർദിഷ്ട സമഗ്ര മംഗലംഡാം കുടിവെള്ളപദ്ധതിക്ക് വെള്ളം കണ്ടെത്താനും ഇത് ആവശ്യമാണ്.