തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിലെ ക്രമക്കേട് കെഎസ്ഇബി ചെയർമാൻ തന്നെ ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്വേഷണം തീർച്ചയായും വേണം. പ്രതിപക്ഷം ഉന്നയിച്ച ട്രാൻസ്ഗ്രിഡ് പദ്ധതി അഴിമതി ഇപ്പോൾ വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ടെൻഡർ വിശദാംശങ്ങൾ എഞ്ചിനീയർമാർ തന്നെ ചോർത്തി കൊടുക്കുന്നുവെന്ന് ചെയർമാൻ തന്നെ പറയുന്നു. വൈദ്യുതി ബോർഡിൽ കഴിഞ്ഞ അഞ്ചര വർഷമായി നടക്കുന്നത് വൻ അഴിമതിയാണ്. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങൾ വിശദീകരിക്കണം. ഈ ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. അഴിമതി കൊണ്ട് ഉണ്ടാകുന്ന നഷ്ടം വൈദ്യുതി ചാർജ് കൂട്ടി ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.