ശ്രീകണ്ഠപുരം: അതിർത്തി മലയോര ഗ്രാമങ്ങളിലെ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം തടയാൻ വൈദ്യുതി തൂക്കുവേലിയൊരുങ്ങുന്നു. അടുത്ത മാസം ആദ്യവാരം പണി തുടങ്ങും.
പയ്യാവൂർ പഞ്ചായത്തിന്റെ കർണാടക അതിർത്തി പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ തൂക്കുവേലികൾ സ്ഥാപിക്കാൻ ധാരണയായത്. ആടാംപാറ മുതൽ കാഞ്ഞിരക്കൊല്ലി വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 16 കി.മീ ഭാഗത്താണ് 55 ലക്ഷം രൂപ ചെലവിൽ സൗരോർജ തൂക്കുവേലികൾ നിർമിക്കുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ തുക വനംവകുപ്പിൻറെ അക്കൗണ്ടിലേക്ക് കൈമാറിയതായും അതിവേഗം വേലിയൊരുക്കുമെന്നും പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് സാജു സേവ്യർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരള സ്റ്റേറ്റ് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. അടുത്തയാഴ്ച പയ്യാവൂർ പഞ്ചായത്തും വനംവകുപ്പും നിർമാണ ഏജൻസിയുമായി കരാർ ഒപ്പിടും. പയ്യാവൂർ പഞ്ചായത്ത് 25 ലക്ഷം, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം, ജില്ല പഞ്ചായത്ത് 25 ലക്ഷം എന്നിങ്ങനെയാണ് 55 ലക്ഷം പദ്ധതിക്കായി മുടക്കുന്നത്.