തലശ്ശേരി: പൊന്ന്യം കുണ്ടുചിറ കാട്ടിൽ അടൂട മടപ്പുര തിറ മഹോത്സവത്തിനിടെ സംഘർഷം. ചൊവ്വാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഘർഷമുണ്ടായത്. യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ സ്ഥലത്തുണ്ടായിരുന്ന കതിരൂർ പൊലീസ് സംഘർഷം തടയാൻ ശ്രമിച്ചു.
ഇതോടെ പൊലീസിനുനേരെയും ആക്രമണമുണ്ടായി. പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചവരെ പിടികൂടി ജീപ്പിലേക്ക് കയറ്റാനുള്ള പൊലീസിൻറെ ശ്രമവും സ്ഥലത്തുണ്ടായിരുന്ന സംഘം തടഞ്ഞു. കൺട്രോൾ റൂം വാഹനത്തിൻറെ സൈഡ് ഗ്ലാസും തകർത്തിട്ടുണ്ട്. ഉന്തും തള്ളിനുമിടയിലാണ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റത്.
ഇവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കണ്ടാലറിയാവുന്ന 25 ഓളം പേർക്കെതിരെ കതിരൂർ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് ഉൾപ്പെടെയാണ് കേസ്. കതിരൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷിൻറെ നേതൃത്വത്തിലാണ് അന്വേഷണം.