ബ്രിട്ടനിൽ ലാസാ പനി ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2009 ൽ ലാസാ വൈറസ് ബാധിച്ച മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ബ്രിട്ടീഷ് ആരോഗ്യ അധികൃതർ വ്യക്തമാക്കി. മറ്റ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതായി യുകെ ആരോഗ്യ സുരക്ഷാ ഏജൻസി അറിയിച്ചു. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചതിന്റെ യാത്രാ ചരിത്രമുള്ളവർക്കാണ് രോഗബാധ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഏകദേശം 80 ശതമാനം കേസുകളും രോഗലക്ഷണങ്ങളില്ലാത്തതിനാൽ രോഗനിർണയം നടത്താതെ തുടരുന്നതായി യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവെൻഷൻ ആൻഡ് കൺട്രോൾ വ്യക്തമാക്കി. കൊവിഡ് മൂന്നാംതരംഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് മോചനം നേടുന്നതിനിടെ യുകെയിൽ ലാസാ പനി സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കിയിരിക്കുകയാണ്.
വ്യാപകമായി പകരാനുള്ള സാധ്യത വളരെ കുറവാണെന്നും പൊതുജനാരോഗ്യത്തിന് ലാസാ വലിയ ഭീഷണി സൃഷ്ടിക്കില്ലെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. മരണനിരക്ക് കുറവാണ്. രോഗം ബാധിച്ച ഒരു ശതമാനം പേർക്ക് മാത്രമാണ് മരണം സംഭവിക്കാൻ സാധ്യതയുള്ളത്. രോഗം ബാധിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. ഗർഭം ധരിച്ച് ആറുമാസം കഴിഞ്ഞവർ അടക്കം ചിലർക്ക് മാത്രമാണ് ഇത് ബാധിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാധ്യത എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.