വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശ സാധ്യതകള്‍ നിലനില്‍ക്കുന്ന യുക്രൈനുനേരെ വന്‍ സൈബര്‍ ആക്രമണം. പ്രതിരോധ മന്ത്രാലയത്തിൻ്റെയും സൈന്യത്തിൻ്റെയും രണ്ട് സ്റ്റേറ്റ് ബാങ്കുകളുടേയും വെബ്സൈറ്റുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഉക്രൈന്‍ അറിയിച്ചു. റഷ്യയാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും യുക്രൈന്‍ അധികൃതര്‍ ആരോപിച്ചു.
വിദേശകാര്യ, സാംസ്കാരികമന്ത്രാലയ സൈറ്റുകളും പ്രവര്‍ത്തനരഹിതമായി. ഉക്രൈനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളായ ഓസ്ചാഡ് ബാങ്ക് സ്‌റ്റേറ്റ് സേവിങ്‌സ് ബാങ്കിൻ്റെയും പ്രൈവറ്റ് 24 ൻ്റെയും വെബ്‌സൈറ്റുകളാണ് തകര്‍ന്നത്.
ഉക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ സാങ്കേതിക അറ്റക്കുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ കാണിക്കുന്നത്. മണിക്കൂറുകള്‍ക്കകം യുക്രെയ്നുമേല്‍ റഷ്യന്‍ സൈനിക നടപടിയുണ്ടാകുമെന്ന ഭീതിക്കിടെയാണ് ജര്‍മന്‍ ചാന്‍സലര്‍ ലാഫ് ഷോൾസ് മോസ്കോയില്‍ പുടിനെ സന്ദര്‍ശിച്ചു.
സൈനികനീക്കം ഒഴിവാക്കണമെന്ന് പുടിനോട് ആവശ്യപ്പെട്ട ജര്‍മന്‍ ചാന്‍സലര്‍ യുക്രെയ്ൻ്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കി. വിഷയത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സന്ദേശം ലാഫ് ഷോൾസ് പുടിനെ നേരിട്ട് അറിയിച്ചു. സൈനികനടപടിക്ക് തുനിഞ്ഞാല്‍ റഷ്യ വന്‍ഉപരോധം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.
റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ പുടിന്‍ നാറ്റോ റഷ്യയുടെ പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി. നാറ്റോ വിപുലീകരണം പാടില്ലെന്നത് ഉള്‍പെടെ റഷ്യന്‍ ആവശ്യങ്ങളോട് ക്രിയാത്മകമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും പുടിന്‍ പറഞ്ഞു.
യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കരുതെന്നും ഇതില്‍ ഉടന്‍ തീരുമാനം വേണമെന്നും ആവശ്യപ്പെട്ടു. സൈനിക വിന്യാസം ഭാഗികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും വിഷയത്തിൻ്റെ പുരോഗതി വിലയിരുത്തി നടപടി എടുക്കുമെന്നും പുടിന്‍ പ്രതികരിച്ചു. അമേരിക്കയുമായും നാറ്റോയുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും പുടിന്‍ വ്യക്തമാക്കി.
റഷ്യ ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ ചിലത് ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ജര്‍മന്‍ ചാന്‍സലറും പ്രതികരിച്ചു. ചര്‍ച്ചകള്‍ക്കുളള റഷ്യന്‍ സന്നദ്ധത ശുഭസൂചനയാണെങ്കിലും യുക്രൈയ്ന്‍ അതിര്‍ത്തിയിലെ സാഹചര്യത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൽട്ടൻബെർഗ് വ്യക്തമാക്കി.