കാലാവസ്ഥ മാറ്റം എന്ന ഭീകരൻ പിടികൂടിയാൽ എന്ത് സംഭവിക്കുമെന്ന് അനുഭവിച്ചറിഞ്ഞവരാണ് നമ്മൾ മലയാളികൾ. രണ്ട് വർഷം തുടർച്ചയായി നടന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നിരവധി പേരുടെ ജീവനും ജീവിതവും തകർത്തു. ഇതിന് മുൻപ് സുനാമിയായും ഓഖിയായും കാലാവസ്ഥ മാറ്റം ഉണ്ടാക്കുന്ന പ്രകൃതി ക്ഷോഭങ്ങൾ നാം അറിഞ്ഞു. എന്നിട്ട് നാം പഠിച്ചോ? പ്രകൃതി സംരക്ഷിക്കണമെന്ന ബോധ്യം ഉണ്ടായോ? സിൽവർ ലൈൻ എന്ന ഏറ്റവും വലിയ പ്രകൃതി നശീകരണത്തിന് മുൻപിൽ നാം നിൽക്കുമ്പോൾ കാലാവസ്ഥ മാറ്റത്തെ കുറിച്ച് നാം ഒരിക്കൽ കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനി പറയുന്ന സംഭവം കൂടി മുൻ നിർത്തി ചിന്തിക്കാം.
സൂര്യൻ അസ്തമിക്കുമ്പോൾ എല്ലാവരും ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന സമയമാണ്. എന്നാൽ സിംബാബ്‌വെയിലെ പെൺകുട്ടികളുടെ അവസ്ഥ അതല്ല. അവരുടെ ജോലി അപ്പോഴാണ് ആരംഭിക്കുന്നത്. ജോലി എന്താണെന്ന് അല്ലേ? നഗര കേന്ദ്രങ്ങളിൽ എത്തി ലൈംഗിക വ്യാപാരം (വേശ്യാവൃത്തി) ചെയ്യുക. 16 വയസ് മുതലുള്ള ഗ്രാമീണ യുവതികൾ ഇതിനായി സ്ഥിരമായി പോകേണ്ടിവരുന്നു. സിംബാബ്‌വെയുടെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പെൺകുട്ടികളാണ് ഇങ്ങനെ പോകുന്നത്.
ഈ പോക്കിന്റെ പിന്നിലെ വില്ലൻ കാലാവസ്ഥ വ്യതിയാനമാണ്. വരൾച്ചയും വെള്ളപ്പൊക്കവും മാറി മാറി വരുന്നത് ഇവിടുത്തെ ഗ്രാമങ്ങളിലെ ജീവിതങ്ങളെ നരക തുല്യമാക്കിയിരിക്കുകയാണ്. കൃഷി ചെയ്‌താൽ അതെല്ലാം കാലാസ്ഥ വ്യതിയാനം മൂലം നശിക്കും. ഒന്നുങ്കിൽ വരൾച്ച വന്ന് എല്ലാം ഉണങ്ങിപോകും, അല്ലെങ്കിൽ വെള്ളപ്പൊക്കത്തിൽ എല്ലാം മുങ്ങി പോകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് തുടർച്ചയായതോടെ പട്ടിണിയിലാണ് മിക്ക ഗ്രാമങ്ങളും. പട്ടിണിയെന്നാൽ അതിഭീകരമായ പട്ടിണി. ഈ പട്ടിണി മാറ്റാനാണ് ഇവർക്ക് വേശ്യാവൃത്തിക്ക് പോകേണ്ടി വരുന്നത്.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സിംബാബ്‌വെയിലെ ശരാശരി താപനില ഏകദേശം 3 ഡിഗ്രി സെൽഷ്യസ് (5.4 ഡിഗ്രി ഫാരൻഹീറ്റ്) ഉയരാൻ കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു. വാർഷിക മഴയിൽ 5-18 ശതമാനം കുറവുണ്ടാകും, പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്ക് ഭാഗമായിരിക്കും ഏറ്റവും വലിയ കെടുതികൾ നേരിടേണ്ടി വരിക. കാലാവസ്ഥാ വ്യതിയാനമാണ് ഇന്നത്തെ മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് സിംബാബ്‌വെയുടെ ദേശീയ കാലാവസ്ഥാ വ്യതിയാന വകുപ്പ് അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉറപ്പിച്ചു പറയുന്നു.
മാതാപിതാക്കളുടെ മരണശേഷം, മുത്തശ്ശിക്ക് ഫീസ് താങ്ങാൻ കഴിയാത്തതിനാൽ സ്കൂൾ ഉപേക്ഷിച്ച 14 വയസുള്ള ഒരു പെൺകുട്ടിയും ഇത്തരത്തിൽ ലൈംഗിക വൃത്തിക്ക് പോകുന്നവരുടെ കൂട്ടത്തിലുണ്ട്. വർഷങ്ങളോളം വരൾച്ചയും നശിച്ച വിളകളും കഴിഞ്ഞ്, ഗ്രാമപ്രദേശങ്ങളിൽ ഇനിയൊരു രക്ഷയും ഇല്ലെന്ന് കണ്ടാണ് മെച്ചപ്പെട്ട ജീവിതം തേടി തലസ്ഥാനമായ ഹരാരെയിലേക്ക് മാറാൻ അവളെ പ്രേരിപ്പിച്ചത്.
“ഞാൻ ഇവിടെ വന്നത് കുട്ടികളെ നോക്കാനുള്ള ആയയായാണ്. ആറുമാസം ഞാൻ വേലക്കാരിയായി ജോലി ചെയ്‌തു, പക്ഷേ അത് ലാഭകരമായിരുന്നില്ല. കോവിഡ് പാൻഡെമിക് ആരംഭിച്ചപ്പോൾ, അത് കൂടുതൽ വഷളായി, കാരണം ഞാൻ ജോലി ചെയ്തിരുന്ന സ്ത്രീ ഇതിനകം എന്റെ തുച്ഛമായ ശമ്പളം കുറച്ചു. അതുകൊണ്ട് ഞാൻ ജോലി ഉപേക്ഷിച്ചു,” അവൾ പറയുന്നു.
നാട്ടിലേക്ക് മടങ്ങിയാൽ അവിടുത്തെ സ്ഥിതി എന്താണെന്ന് അവൾക്കറിയാം. തലസ്ഥാനമായ ഹരാരെയിൽ നിന്ന് 12 കിലോമീറ്റർ കിഴക്ക് എപ്‌വർത്തിലേക്ക് അവൾ താമസം മാറ്റി. അവിടെ സുഹൃത്തുക്കളെ കണ്ടതിന് ശേഷം അവൾ ലൈംഗിക ജോലിയിൽ ഏർപ്പെട്ടു. കാരണം അവൾക്ക് മുൻപിൽ മറ്റു വഴികളില്ലായിരുന്നു.
ദരിദ്രമായ ഒരു രാജ്യത്ത് കോവിഡ് കൂടി വന്നതോടെ ഉണ്ടായ ആഘാതങ്ങൾ ചെറുതല്ല. ഇതിനൊപ്പം കാലാവസ്ഥ വ്യതിയാനം മൂലം എല്ലാം നശിക്കുന്ന അവസ്ഥ കൂടി വരുന്നതോടെ എങ്ങനെയും പട്ടിണി മാറ്റിയാൽ മതിയെന്ന അവസ്ഥയിലാണ് ഇവിടുത്ത ജനങ്ങൾ. അതുകൊണ്ടാണ് ഒരു 14 വയസുകാരിക്ക് പോലും സ്വന്തം ശരീരം വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്തേണ്ടി വരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
സന്ധ്യ കഴിഞ്ഞാൽ കൗമാരക്കാരായ പെൺകുട്ടികൾ “ബൂസ്റ്റർ” എന്നറിയപ്പെടുന്ന ഒരു സ്ഥലത്ത് ഒത്തുകൂടുന്നു, പകൽ സമയത്ത് ശാന്തമായ ഈ പ്രദേശം എന്നാൽ രാത്രിയായാൽ ലൈംഗികത്തൊഴിലാളികൾ ഇടപാടുകാരെ അഭ്യർത്ഥിക്കുന്നതിനാൽ ആളുകളുടെ കുത്തൊഴുക്ക് ആണിവിടെ. ഹരാരെയിലെ കമ്മ്യൂണിറ്റി അധിഷ്‌ഠിത സംഘടനയായ യൂത്ത് 2 യൂത്തിന്റെ സ്ഥാപകയായ കാതറിൻ മസുന്ദ പറയുന്നത്, വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താൻ പ്രയാസമാണെങ്കിലും സ്ഥിതി ആശങ്കാജനകമാണ് എന്നാണ്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ കാരണം ഗ്രാമപ്രദേശങ്ങളിലെ ഫാമുകളിൽ തൊഴിലവസരങ്ങൾ ഓരോ വർഷവും കുറയുന്നു. അങ്ങിനെ ദുരിതത്തിലായ ഒരു 16 വയസുകാരിയും ഇവരുടെ കൂട്ടത്തിലുണ്ട്. സ്വന്തം വയറിന്റെ വിശപ്പിനൊപ്പം സ്‌കൂളിൽ പഠിക്കുന്ന ഒരു അനിയത്തിയെ കൂടി നോക്കണം ഇവൾക്ക്. ദാരിദ്ര്യം മൂലം തനിക്ക് പഠിക്കാൻ ആയില്ല. അനിയത്തിയെ എങ്ങിനെയെങ്കിലും പഠിപ്പിക്കണം എന്ന വലിയ ലക്ഷ്യം ഇവൾക്ക് മുൻപിലുണ്ട്.
“2020-ൽ, ഞാൻ സ്കൂൾ പൂർത്തിയാക്കിയ വർഷം, സോയ ബീൻസ് നടുമെന്ന് ഞാൻ പ്രതീക്ഷിച്ചു, ഇത് കുറഞ്ഞ അധ്വാനമുള്ള നാണ്യവിളയാണ്, അതുവഴി എനിക്ക് ഫീസ് നൽകാനും ഒരു മുറി വാടകയ്‌ക്കെടുക്കാനും കഴിയും. മഴ വന്നു, പക്ഷേ അവ വെള്ളപ്പൊക്കമായി മാറുകയും എന്റെ പദ്ധതിയെ ഇല്ലാതാക്കുകയും ചെയ്തു, ”ആ പെൺകുട്ടി പറയുന്നു.
രാജ്യത്ത് നല്ല ശമ്പളമുള്ള ജോലി കുറവായതിനാൽ, ഇവിടെയുള്ള ഭൂരിഭാഗം ആളുകളും തെരുവ് കച്ചവടക്കാരായും അനൗപചാരിക നിർമ്മാതാക്കളായും വേശ്യാവൃത്തി മറ്റൊരു പ്രധാന ജോലിയായി നേടുന്നു. കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ പലർക്കും ക്ലയന്റുകൾ പണം നൽകാൻ വിസമ്മതിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. ചിലർ ലൈംഗികാതിക്രമവും ആക്രമണവും സഹിച്ചുനിൽക്കുന്നു. ചിലരെല്ലാം പണത്തിന് പകരം ഭക്ഷണ വസ്തുക്കളും സ്വീകരിക്കുന്നു. അവർക്ക് വിശപ്പ് മാറിയാൽ മതി.
സിംബാബ്‌വെയിൽ, ലൈംഗികതയ്‌ക്കായി അഭ്യർത്ഥിക്കുന്നത് ക്രിമിനൽ കുറ്റമാണ്, ഇത് യുവതികൾക്കെതിരെയുള്ള തെറ്റുകൾ പോലീസിനെ അറിയിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. സിംബാബ്‌വെ യൂത്ത് കൗൺസിൽ ഹരാരെയുടെ പ്രവിശ്യാ ഡയറക്ടർ മെമ്മറി കന്യാതി പറയുന്നത്, വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമായ ഒരു സംഭവവികാസമാണ്. അവരിൽ പലരും അപകടകരമായ ഈ വ്യാപാരത്തിൽ ഏർപ്പെടുന്നത് ഞങ്ങൾ കാണുന്നു, ഇത് അവർക്ക് ആരോഗ്യകരമല്ല. ഒരു കൗൺസിൽ എന്ന നിലയിൽ, കുട്ടികൾ ജീവിത നൈപുണ്യവും ഉത്തരവാദിത്തമുള്ള പൗരന്മാരാകാനുള്ള കഴിവും വികസിപ്പിക്കുന്നത് കാണാനുള്ള സർക്കാരിന്റെ അഭിലാഷങ്ങളെ ഞങ്ങൾ പ്രതിനിധീകരിക്കുന്നു,” കന്യാതി പറയുന്നു.
ആൺ കുട്ടികളുടെയും കാര്യവും ഏതാണ്ട് ഇതുപോലെയൊക്കെയാണ്. നാട് വിട്ട് ഓടേണ്ടി വരുന്ന അവർ ചെന്നെത്തുക ഏതെങ്കിലും ലഹരി മാഫിയയുടെ അടുത്തോ കൊള്ള സംഘങ്ങളുടെ അടുത്തോ ആണ്. ഇവിടുത്തെ പല നഗരങ്ങളും അക്രമങ്ങൾക്ക് പേര് കേട്ടതാണ്. എങ്കിലും ആഗോളതാപനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സിംബാബ്‌വെയിലെ സ്ത്രീകളെയും പെൺകുട്ടികളെയുമാണ്.
സിംബാബ്‌വെയിലെ ഭൂരിഭാഗം പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ ബാധിച്ചു. ചൂട് തരംഗങ്ങൾ, കുറഞ്ഞ മഴ, അല്ലെങ്കിൽ അതിശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപൊക്കം എന്നിവകൊണ്ടെല്ലാം ദുരിതക്കയത്തിലാണ്. കാലാവസ്ഥാ വ്യതിയാനം സമൂഹത്തിൽ പട്ടിണി മാത്രമല്ല, കുട്ടികളുടെ ഭാവിയും നശിപ്പിക്കുന്നു.