ആലപ്പുഴ: പൊതുജനങ്ങളുടെയും സംരംഭകരുടേയും ആവശ്യങ്ങള്‍ മനസ്സിലാക്കി തൃപ്തികരമായ സേവനം നല്‍കാന്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് സേവന ഗുണമേന്മക്കുള്ള ഐ.എസ്.ഒ 9001: 2015 സര്‍ട്ടിഫിക്കേഷന്‍ നേടിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.
പൊതുജനങ്ങളുടെ അഭിപ്രായം തേടി അതിന്റെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കുക എന്ന ഉത്തരവാദിത്വം കൂടിയാണ് ഐ.എസ്.ഒ അംഗീകാരം കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തുന്ന സംരംഭകരുടേയും പൊതുജനങ്ങളുടേയും ഫയലുകള്‍ മതിയായ കാരണങ്ങള്‍ ഇല്ലാതെ താഴേയ്ക്ക് മടക്കി അയക്കുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഫയലുകളില്‍ പിശകുകളുണ്ടെങ്കില്‍ അവ ചൂണ്ടിക്കാട്ടി പരിഹരിച്ച് നടപടികള്‍ മുന്നോട്ടു കൊണ്ടുപോകണം. പൊതുജനങ്ങളുടെ സേവകരാണ് തങ്ങള്‍ എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്ക് എപ്പോഴും ഉണ്ടായിരിക്കണം.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനസേവന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായി നടത്തിവരുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സേവനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍ക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യ രാജ്, നഗരസഭാംഗം കവിത ടീച്ചര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ രാജേഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.