ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയുടെ മോശം പ്രകടനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ പ്രതിരോധിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നിങ്ങൾ കുറച്ചു നാളത്തേക്കു മിണ്ടാതിരുന്നാൽ കോഹ്‌ലി പഴയ പോലെയാകും എന്നായിരുന്നു രോഹിത്തിന്‍റെ വിമർശനം. കോഹ്‌ലിയുടെ പ്രകടനം മെച്ചപ്പെടുത്താൻ പരിശീലകനും ക്യാപ്റ്റനും എന്തൊക്കെ ചെയ്യാനാകും എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങള്‍ കുറച്ച് സമയത്തേക്ക് മിണ്ടാതിരുന്നാല്‍ മതി, എനിക്ക് ഉറപ്പുണ്ട് എല്ലാം ശരിയാകും എന്ന്. മാധ്യമങ്ങളാണ് ഇതിനെല്ലാം തുടക്കമിടുന്നത്. എനിക്ക് കാണാന്‍ കഴിയുന്നത്, കോഹ്ലി നല്ല മാനസിക നിലയിലാണ് എന്നാണ്. എങ്ങനെ സമ്മര്‍ദത്തെ കൈകാര്യം ചെയ്യണം എന്ന് കോഹ്ലിക്ക് അറിയാം’-രോഹിത്ത് പറഞ്ഞു. വിന്‍ഡിസിന് എതിരായ മൂന്ന് ഏകദിനങ്ങളിലും കോഹ്ലി നിരാശപ്പെടുത്തിയതോടെയാണ് ഫോമിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായത്. മൂന്ന് ഏകദിനങ്ങളില്‍ നിന്ന് കോഹ്‌ലിക്ക് നേടാനായത് 26 റണ്‍സ് മാത്രം.
ഒരു ഏകദിന പരമ്പരയില്‍ 50ല്‍ താഴെ റണ്‍സ് കോഹ്ലി സ്‌കോര്‍ ചെയ്യുന്നത് 2015ന് ശേഷം ആദ്യമായിരുന്നു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റില്‍ നിന്ന് രണ്ട് അര്‍ധ ശതകമാണ് കോഹ് ലി കണ്ടെത്തിയത്. ഏകദിന പരമ്പരയ്ക്കിടയില്‍ കോഹ്‌ലിയുടെ ഫോമിനെ ചൊല്ലി ഉയര്‍ന്ന ചോദ്യങ്ങളും രോഹിത് തള്ളിയിരുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ടതാണോ കോഹ്ലിയുടെ ഫോം ഇല്ലായ്മയ്ക്ക് കാരണം എന്നായിരുന്നു അന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. നിങ്ങള്‍ ആരെക്കുറിച്ചാണ് ഈ പറയുന്നത് എന്ന് ചോദിച്ചാണ് ഈ ചോദ്യങ്ങളെ രോഹിത് അന്ന് ചിരിച്ചു തള്ളിയത്.