തിരുവനന്തപുരം: കാപെക്‌സ് എം.ഡി. ആർ. രാജേഷിനെ വീണ്ടും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. തോട്ടണ്ടി അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ അതേകേസിലാണ് വീണ്ടും സസ്‌പെൻഷൻ നൽകിയത്. എ.ജി നടത്തിയ അന്വേഷണത്തിലാണ് ആർ. രാജേഷിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തെ സർക്കാർ വീണ്ടും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇതോടെ എ.ജിയുടെ റിപ്പോർട്ടിന് സർക്കാർ പുല്ലുവില പോലും നൽകുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
കാപ്പെക്സിൽ എ.ജി യുടെ ത്രിവർഷ ഓഡിറ്റ് 2016-2019 (മെയ് ) വരെ പൂർത്തിയായിട്ടുള്ളതാണ്. രാജേഷിന്റെ സസ്പെൻഷനാധാരമായ 2019 ലെ നാടൻ തോട്ടണ്ടി സംഭരണത്തെ കുറിച്ചുള്ള എ.ജി യുടെ പരാമർശത്തിൽ, 2018 ൽ സമാനമായി നാടൻ തോട്ടണ്ടി വാങ്ങിയപ്പോൾ 2019 ൽ നൽകിയത് പോലെ അധിക തുകയായ കിലോക്ക് 3.50 രൂപ എന്തു കൊണ്ടു നൽകിയില്ല എന്ന് ആരാഞ്ഞിരിന്നു. 3.50 രൂപ നൽകിയത് ചാക്ക് കൂലി, കയറ്റിറക്കു കൂലി, ട്രാൻസ്പ്പോർട്ടേഷൻ തുടങ്ങിയവയ്ക്കാണെന്നും, എന്നാൽ 2018 ൽ ഏപ്രിൽ 17 ന് സർക്കാർ നാടൻ തോട്ടണ്ടിയുടെ വില 138 രൂപയായി നിജപ്പെടുത്തിയിരുന്നു. 2018 ലെ പ്രളയവും, നിപ്പ വൈറസിന്റെ പകർച്ചയും മറ്റും തോട്ടണ്ടി മേഖലയേയും കൃഷിയേയും സാരമായി ബാധിച്ചു.
ഈ മേഖലയിലെ രാഷ്ട്രീയ നേതാക്കൻമാർ കാപെക്‌സിന്റെ അന്നത്തെ ചെയർമൻ ആയ ഇപ്പൊഴത്തെ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കൊല്ലായി സുദേവനോട് വിഷയം അവതരിപ്പിച്ചിരുന്നു. വിഷയം അദ്ദേഹം ഡയറക്ടർ ബോർഡിൽ അജൻഡ വെയ്ക്കുകയും ചെയ്തു. കർഷകർ ഈ കാലയളവിൽ ഉണക്കി സംഭരിച്ചു വെച്ചിരുന്ന തോട്ടണ്ടി ജൂൺ – ജൂലൈ മാസമാണ് 2018 ൽ സർക്കാർ ഉദ്യേഗസ്ഥൻമാർ ഉൾപ്പെടെയുള്ള കാപെക്‌സ് ബോർഡ്, സർക്കാർ നിശ്ചയിച്ച വിലയിൽ കർഷകരെ സഹായിക്കാൻ വേണ്ടി വാങ്ങിയത്.
ഇവർ കർഷകരാണെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കേറ്റുകളും ഹാജരാക്കാൻ പറഞ്ഞിരുന്നു. ഇതുപ്രകാരം വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കേറ്റ് അവർ ഹാജരാക്കുകയും, അത് ബോർഡ് പരിശോധിച്ചാണ് തോട്ടണ്ടി വാങ്ങാൻ എംഡി ആർ രാജേഷിനെ ചുമതലപ്പെടുത്തിയത്. സീസൺ കഴിഞ്ഞ് ഏതാണ്ട് ജൂൺ – ജൂലൈൽ ആണ് തോട്ടണ്ടി ലഭിച്ചത്. അപ്പോഴേക്കും മാർക്കറ്റിൽ തോട്ടണ്ടിയുടെ വില സർക്കാർ നിശ്ചയിച്ച വിലയിൽ നിന്നും ഇടിഞ്ഞിരുന്നു. അതിനാൽ വീണ്ടും അധിക ചാർജുകളായ ചാക്ക് കൂലി, കയറ്റിറക്കു കൂലി, ട്രാൻസ്പ്പോർട്ടേഷൻ എന്നീ ഇനത്തിൽ നൽകേണ്ടതില്ല എന്ന് ബോർഡ് യോഗം ചർച്ചയിൽ തീരുമാനിച്ചു. ഇതുപ്രകാരമാണ് അധികമായി ലഭിക്കേണ്ട 3.50 രൂപ കർഷകർക്ക് ലഭിക്കാതെ പോയത്.
ഇക്കാര്യങ്ങൾ വ്യക്തമായി എ.ജിക്കു കാപെക്‌സ് നൽകിയ മറുപടിയിൽ തെളിവുകൾ സഹിതം പറഞ്ഞിട്ടുണ്ട്. ഇതെല്ലാം വ്യക്തമായി എ.ജി പരിശോധിച്ച ശേഷമാണ് 2016 – 2019 ലെ ആഡിറ്റ് റിപ്പോർട്ടിൽ Part-II B യിലെ “Procurement of Raw Cashew nuts” ലെ “Kerala origin RCN” എന്ന പരാമർശം എ.ജി “drop” ചെയ്തത്. ഇതിൽ നിന്നും 2018 ലെ പ്രസ്തുത നാടൻ തോട്ടണ്ടി വാങ്ങലും അതിന്റെ ബന്ധപ്പെട്ട ഫയലുകളും എ.ജി വ്യക്തമായി പരിശോധിച്ചു എന്ന് വ്യക്തമാണ് .
സംഭവത്തിൽ രാജേഷ് പറയുന്നത് ഇപ്രകാരമാണ്;
2021 ൽ ഞാൻ എം.ഡിയായി പുനർനിയമിക്കപ്പെട്ടപ്പോൾ അയത്തിൽ സോമൻ എന്ന വ്യക്തി ഫൈനാൻസിന്റെ ഇൻസ്പക്ഷൻ വിങ്ങിൽ 2018 ലെ നാടൻ തോട്ടണ്ടി സംഭരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. 2016 – 2019 വരെ എ.ജി അന്വേഷിച്ചു ആഡിറ്റ് പൂർത്തീകരിച്ച സ്ഥാപനത്തിൽ പിന്നെ താഴെ തട്ടിലുള്ള ഫിനാൻസിന്റെ അന്വേഷണത്തിന് പ്രസക്തിയില്ല. അയത്തിൽ സോമന് കാപെക്‌സിൽ പരിപ്പിന്റെ ഫ്രാഞ്ചൈസി ഉണ്ട്. 2016 ൽ ഞാൻ ഓട്ടോകാസ്റ്റ് ൽ നിന്നും കാപെക്‌സിൽ തിരികെ എം.ഡിയായി വന്നപ്പോൾ എന്നെ വന്നു കാണുകയും പരിപ്പിന് മറ്റുള്ളവർക്ക് നൽകുന്നതിൽ നിന്നും ഒന്നുങ്കിൽ കുറഞ്ഞ റേറ്റിൽ തരണമെന്നും അല്ലെങ്കിൽ ബില്ലിൽ കാണിക്കാതെ കുറച്ച് അളവ് അധികം തരണമെന്നും, മുൻപിരുന്നവർ ഇത്തരത്തിലുള്ള ചില പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും തുടർന്നും അത് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. എന്നാൽ അത് ചെയ്യാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ, ഇനി ഇവിടുത്തെ കച്ചവടം വേണ്ട എന്ന് പറഞ്ഞു അന്നു പോയതാണ്. പിന്നീട് ഇദ്ദേഹം എന്നെക്കുറിച്ചുള്ള പരാതികളും മറ്റും പല പല ഏജൻസികൾക്കും, മന്ത്രിമാർക്കും, ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയിരുന്നു. ഇതിനിടെ 2017 ൽ വീണ്ടും എന്നെ വന്നു കണ്ട് പ്രശ്നങ്ങൾ എല്ലാം തീർക്കാം അദ്ദേഹത്തിന്റെ മകൾക്ക് അസിസറ്റൻഡ് മാനേജരായി കൊമേഴ്സ് സെക്ഷനിൽ ജോലി നൽകണമെന്നും പറഞ്ഞു. അതിനുള്ള യോഗ്യത ഇല്ലാത്തതിനാൽ അത് നടപ്പില്ല എന്നറിയിച്ചപ്പോൾ എന്റെ മുന്നിൽ നിന്നും ഇദ്ദേഹം ഇരുന്ന കസേര ശക്തിയായി തള്ളി പിറകോട്ട് മാറ്റി നിന്നെ കാണിച്ചു തരാം എന്ന് പറഞ്ഞു പോയി.
പിന്നീട് തിരുവനന്തപുരം, കൊല്ലം വിജിലൻസ് കൂടാതെ മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം എനിക്കെതിരെ പരാതികൾ നൽകി കൊണ്ടിരിന്നു. എല്ലാ പരാതികളും പരിശോധിച്ച് കഴമ്പില്ല എന്ന് കണ്ടെത്തുകയു, പരാതികൾ തള്ളി കളയുകയും ചെയ്തു. തുടർന്ന് 2018 ൽ ഇദ്ദേഹം ഹൈക്കോടതിയിൽ എനിയ്ക്കെതിരെ OP ഫയൽ ചെയ്തു. അതും നിലനിൽക്കാത്തതിനാൽ തള്ളി പോയി. പിന്നീട് എനിയ്ക്ക് 2021 ഫെബ്രുവരി മൂന്നാം തീയതി എം.ഡിയായി കാപെക്‌സിൽ പുനർനിയമനം ലഭിച്ച അന്നു മുതൽ ഇദ്ദേഹം വീണ്ടും എനിയ്ക്കെതിരെയുള്ള പരാതികൾ അയക്കലും കൂടാതെ ഹൈക്കോതിയിൽ പൊതുതാത്പര്യ ഹർജികൾ ഫയൽ ചെയ്യലുമൊക്കെയായി എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്.
2019 ജൂൺ മുതൽ 2021 ജനുവരി വരെ സർക്കാർ സെക്രട്ടറിയേറ്റ് ഫിനാൻസിലെ ഇദ്ദേഹത്തിന്റെ അയൽപക്കക്കാരൻ കൂടിയായ അനിൽ കുമാറിനായിരുന്നു കാപെക്‌സ് എം.ഡിയുടെ അഡീഷണൽ ചാർജ്. ഈ കാലയളവിൽ ഇദ്ദേഹത്തിന് യാതൊരു വിധ പരാതികളും ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്.