കൊല്ലം: കൊട്ടാരക്കരയിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അതിഥി തൊഴിലാളിയെ (Guest worker) അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി ഷമീർ ആലമിനെയാണ് (Shamir Alam) പൊലീസ് (Police) അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര കുളക്കടയിലെ ഹോളോബ്രിക്‌സ് കമ്പനിയിലെ തൊഴിലാളിയായിരുന്നു ഷമീർ ആലം. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്. ഷമീർ ആലം പീഡിപ്പിച്ചത് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതിനിടെ അപകടം മണത്ത പ്രതി കുളക്കടയിൽ നിന്നും പത്തനാപുരത്തേക്ക് താമസം മാറിയിരുന്നു. എന്നാൽ, പുത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പത്തനാപുരത്തുണ്ടെന്ന് വ്യക്തമായി. പൊലീസ് തന്നെ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയ പ്രതി നാട്ടിലേക്ക് പോകാൻ പുറപ്പെട്ടു. യാത്രക്കിടെ ആലപ്പുഴയിൽ വച്ചാണ് പുത്തൂർ പൊലീസ് ഷമീറിനെ പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.