തിരുവനന്തപുരം: തോട്ടണ്ടി വാങ്ങിയതിൽ വൻ അഴിമതി നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയ കാപെക്സ് (കേരള സ്റ്റേറ്റ് കാഷ്യൂ വർക്കേഴ്സ് അപെക്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി) എംഡി ആർ.രാജേഷിനെ സർക്കാർ സസ്പെൻഡ് ചെയ്തു.
2018, 19 വർഷങ്ങളിൽ കാപക്സ് തോട്ടണ്ടി വാങ്ങിയ ക്രമക്കേടിൽ അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി നൽകി. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ എംഡി രാജേഷ് രാമകൃഷ്ണനാണ് കാപെക്സിന്റെ പുതിയ എംഡി. എന്നാൽ, സർക്കാർ ജീവനക്കാരനല്ലാത്ത രാജേഷിനെ പിരിച്ചു വിടേണ്ടതിനു പകരം സസ്പെൻഡ് ചെയ്തത് പ്രഹസനമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
2018ലെ തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് മുൻപ് സസ്പെൻഡ് ചെയ്തപ്പോൾ ഉപജീവന ബത്ത നൽകരുതെന്ന് ധനവകുപ്പ് ശുപാർശ ചെയ്തിരുന്നു. എന്നാൽ, രാജേഷ് ക്രമവിരുദ്ധമായി ബത്ത കൈപ്പറ്റി. ഈ സസ്പെൻഷൻ കാലയളവിലും ബത്ത കൈപ്പറ്റി പിന്നീട് സർവീസിലേക്കു തിരിച്ചു വരാനാണ് നീക്കമെന്നാണ് ആക്ഷേപം.