അബുദാബി: യുഎഇയിൽ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ (Covid restrictions) ഇന്ന് മുതൽ ഇളവുകൾ (Relaxations) പ്രാബല്യത്തിൽ വരും. വിവിധ സ്ഥലങ്ങളിൽ പ്രവേശിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും (Maximum Capacity) സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകളിലുമാണ് (Social Distancing rules) മാറ്റം വരുന്നത്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ 3000 വരെ ഉയർന്ന പ്രതിദിന രോഗബാധ (Daily cases) ഇപ്പോൾ 1200ലേക്ക് താഴ്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് കണക്കിലെടുത്താണ് ഇളവുകൾ അനുവദിക്കുന്നത്.
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പോലുള്ള സാമൂഹിക ചടങ്ങുകളിൽ പരമാവധി ആളുകൾക്ക് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഓരോ എമിറേറ്റിനും സ്വന്തമായി നിബന്ധനകൾ പ്രഖ്യാപിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമാ തീയറ്ററുകൾ പരമാവധി ശേഷിയിൽ ഫെബ്രുവരി 15 മുതൽ പ്രവർത്തിച്ചു തുടങ്ങും. കായിക മത്സരങ്ങൾ നടക്കുന്ന വേദികളിലും ഫുട്‍ബോൾ സ്റ്റേഡിയങ്ങളിലും 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാം. ഇവിടങ്ങളിൽ അൽ ഹുസ്‍ൻ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള ഗ്രീൻ പാസ് പ്രോട്ടോക്കോൾ നിലവിലുണ്ടാകും. സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ അൽ ഹുസ്‍ൻ ആപ്ലിക്കേഷനിലെ ഗ്രീൻ സ്റ്റാറ്റസോ അല്ലെങ്കിൽ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് ഫലമോ ഹാജരാക്കണം.
പള്ളികൾ, ചർച്ചുകൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ തമ്മിൽ പാലിക്കേണ്ട സാമൂഹിക അകലം ഒരു മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ അവസ്ഥ ഫെബ്രുവരി മാസത്തിലുടനീളം നിരീക്ഷിക്കുമെന്നും പിന്നീട് ആവശ്യമെങ്കിൽ മറ്റ് നിബന്ധനകൾ കൊണ്ടുവരികയോ അല്ലെങ്കിൽ സാമൂഹിക അകലം സംബന്ധിച്ച നിബന്ധന എടുത്തുകളയുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.