തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഹൈക്കോടതി അനുമതി നൽകിയെന്ന മട്ടിൽ കോടതി വിധിയെ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിൻ്റെ ഭാഗമായി സർവ്വേ നടത്താൻ മാത്രമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് അനുമതി നൽകിയത്. നിലവിലെ അലൈൻമെന്റിനു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്ന സർക്കാരിൻ്റെ ഉറപ്പിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
സിൽവർ ലൈൻ പദ്ധതിക്ക് ഹൈക്കോടതി അനുമതി നൽകിയെന്ന മട്ടിൽ കോടതി വിധിയെ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണ്. സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിൻ്റെ ഭാഗമായി സർവ്വേ നടത്താൻ മാത്രമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് അനുമതി നൽകിയത്. നിലവിലെ അലൈൻമെന്റിനു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്ന സർക്കാരിൻ്റെ ഉറപ്പിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട്, 1961, ലെ ആറാം വകുപ്പ് പ്രകാരം സർക്കാറിനു ഏതെങ്കിലും പൊതു ആവശ്യത്തിന് ഭൂമിയേറ്റെടുക്കാൻ സർവ്വേ നടത്തുന്നതിന് അധികാരമുണ്ടോയെന്ന് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസ്തുത നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കുക മാത്രമാണ് ഈ കേസിൽ കോടതി ചെയ്തിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്കുള്ള അംഗീകാരമോ നിർമ്മാണ അനുമതിയോ ഒരു ഘട്ടത്തിലും കോടതിയുടെ പരിഗണനാ വിഷയമായിരുന്നില്ല. ഭൂമി ഏറ്റെടുക്കൽ നടപടികളും അതിൻ്റെ പ്രത്യാഘാതങ്ങളും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തോടും പ്രതിപക്ഷത്തിന് യോജിപ്പാണ്. സർവേ തുടരാമെന്ന ഹൈക്കോടതി വിധിയെ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി കിട്ടിയെന്ന രീതിയിൽ തെറ്റായി അവതരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്.