കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന തിയറ്ററുകളിലേക്ക് സിനിമകൾ വീണ്ടും എത്തിയിരിക്കുകയാണ്. മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. അതിൽ പ്രധാനം അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ്വ’മാണ്. മാർച്ച് മൂന്നിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. എന്നാൽ ഇതേദിവസം തന്നെ ദുൽഖർ സൽമാൻ്റെ ചിത്രവും റിലീസ് ചെയ്യുകയാണ്.
കോറിയോഗ്രാഫർ ബൃന്ദ മാസ്റ്ററുടെ കന്നി സംവിധാന സംരംഭമായൊരുങ്ങുന്ന ദുൽഖറിൻ്റെ 33ാമത്തെ ചിത്രം ‘ഹേ സിനാമിക’യാണ് ഇതേ ദിവസം പ്രദർശനത്തിനെത്തുന്നത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. അതേസമയം, ‘ഹേയ് സിനാമിക’യുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി.
ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ‘ഭീഷ്മപർവ്വം’ ഫെബ്രുവരി 24ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം മാറ്റിവയ്ക്കുക ആയിരുന്നു. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ‘ഭീഷ്‍മ പര്‍വ്വം’ പ്രഖ്യാപിക്കുകയായിരുന്നു. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ.