കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണ പാർട്ടിക്കിടെ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിൻറെ നിഗമനം. ബോംബ് (Bomb) എത്തിച്ചതും ഈ വാഹനത്തിലാണ്. കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി അക്ഷയെ ഉച്ചയ്ക്ക് ശേഷം തലശ്ശേരി കോടതിയിൽ റിമാൻഡ് ചെയ്യും. അതേസമയം കേസിൽ ഒളിവിലുള്ള മിഥുൻ കേരളം വിട്ടതായാണ് സൂചന.
സംഭവത്തിൽ ബോംബെറിഞ്ഞ ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിലുള്ള ഏച്ചൂർ സ്വദേശി മിധുന് വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്. ബോംബുമായി എത്തിയ സംഘത്തിൽ പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് പറയുന്നു. ഇയാളുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. കേസിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. കല്യാണത്തലേന്ന് വരന്റെ വീട്ടിൽ ഏച്ചൂരിൽ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘർഷം. നാട്ടുകാരിടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാൻ ഏച്ചൂർ സംഘം ബോംബുമായി എത്തുകയായിരുന്നു