ഹൈദരബാദ്: പിറന്നാള്‍ ദിനത്തിലുണ്ടായ അപകടത്തില്‍ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. തിളച്ച സാമ്പാര്‍ പാത്രത്തിലേക്ക് വീണാണ് തേജസ്വി മരിച്ചത്. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ കലഗാര ഗ്രാമത്തില്‍ ഫെബ്രുവരി 13 ഞായറാഴ്ചയാണ് സംഭവം. ശിവ, ഭാനുമത് ദമ്പതികളുടെ മകളാണ് തേജസ്വി. പൊള്ളലേറ്റ ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും തിങ്കളാഴ്ച ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
പിറന്നാള്‍ ദിനത്തില്‍ വീടിൻ്റെ അടുക്കളഭാഗത്തെ മുറ്റത്ത് കളിക്കുകയായിരുന്നു തേജസ്വി. മാതാപിതാക്കള്‍ അതിഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അടുക്കളയിലെത്തിയ കുട്ടി കസേരയില്‍ കയറുന്നതിനിടെ കാല്‍ തെറ്റി തിളച്ച സാമ്പാര്‍ പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച തേജസ്വിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിജയവാഡയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.