അബുദാബി: യുഎഇയുടെ (UAE) വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് അധികൃതർ ജാഗ്രതാ നിർദേശം (Fog Alert) നൽകി. വാഹനം ഓടിക്കുന്നവർ (Drivers) അതീവ ശ്രദ്ധ പുലർത്തണമെന്നും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും (Traffic rules) ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Centre of Meteorology) തിങ്കളാഴ്‍ച അർദ്ധരാത്രി പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.
രാജ്യത്തിന്റെ പടിഞ്ഞാറൻ തീര മേഖലയിലും ഉൾപ്രദേശങ്ങളിലുമാണ് പ്രധാനമായും ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. റോഡുകളിലെ ദൂരക്കാഴ്‍ച കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അബുദാബി പൊലീസും ട്വീറ്റ് ചെയ്‍തു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ ദൃശ്യമാവുന്ന വേഗപരിധിയായിരിക്കണം പാലിക്കേണ്ടത്. ബുധനാഴ്‍ചയും രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞിനുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.