തിരുവനന്തപുരം:സംസ്ഥാനത്തെ ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തെരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.രോഗികൾക്ക് ആദ്യഡോസ് മരുന്ന് നൽകിയശേഷം ആവശ്യമെങ്കിൽ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിലേക്കോ മെഡിക്കൽ കോളജിലേക്കോ വിദഗ്ധ ചികിത്സയ്ക്കായി റഫറൽ നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഡോക്ടർമാർ നിർദ്ദേശിക്കുന്ന മുറയ്ക്ക് ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി രോഗിയുടെ ഭാരം ഏത് തരത്തിലുള്ള രക്തസ്രാവം എന്നിവ പരിഗണിച്ച് ഒരു ഡോസ് മരുന്ന് രോഗിയുടെ കൈവശം കൊടുത്ത് വിടുന്നതിന് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ നൽകിയിട്ടുള്ള മരുന്നുകൾ ഒരു യോഗ്യതയുള്ള മെഡിക്കൽ പ്രാക്ടീഷണറുടെ കർശനമായ മേൽനോട്ടത്തിലാണ് ഉപയോഗിക്കുന്നതെന്ന് രോഗി ഉറപ്പ് വരുത്തണം.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ചികിത്സാ പ്രോട്ടോകോൾ ആധാരമാക്കിയാണ് ഹീമോഫീലിയ രോഗികളിൽ 18 വയസുവരെയുള്ള കുട്ടികൾക്കും മുതിർന്നവർക്ക് രക്തസ്രാവം ഉണ്ടാകുന്ന സമയത്തും സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്.കുട്ടികളുടെ പ്രൊഫൈലാക്സിസ് ചികിത്സ ഡിസ്ട്രിക് ഡേ കെയർ സെന്റർ മുഖാന്തരം മാത്രമാണ് ലഭ്യമാക്കുക. ഇത് കൂടാതെ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ഹീമോഫീലിയ ക്ലിനിക്കുകൾ ജില്ലാ ഡേ കെയർ സെന്റർ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റർ മുഖാന്തരവും നടത്തുന്നതാണ്.