കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്‍ക്കത്ത സ്വദേശിനിയായ 19കാരിയാണ് കൊലപാതകം നടത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്ത ശേഷം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ തന്നെ പാര്‍പ്പിക്കും.
മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി.
ബുധനാഴ്ച വൈകിട്ട് ജിയ റാം ജിലോട്ടും കൊല്‍ക്കത്ത സ്വദേശിനിയായ മറ്റൊരു അന്തേവാസിയും തമ്മില്‍ സെല്ലിനുള്ളില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കൊല്‍ക്കത്ത സ്വദേശിനിക്ക് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ അവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി ചികിത്സ നല്‍കിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാല്‍ ജിയ റാം മരിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് അധികൃതര്‍ അറിഞ്ഞത്. ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് ആരോഗ്യവകുപ്പും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.