പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ അനുവാദമില്ലാതെ കയറിയതിന് വനംവകുപ്പ് തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയാണെന്ന്‍ ബാബു. തന്‍റെ തെറ്റ് പൂര്‍ണമായും ബോധ്യപ്പെട്ടെന്നും ബാബു പറഞ്ഞു. അനുമതിയില്ലാതെ ഇനിയാരും മല കയറാന്‍ മുതിരരുതെന്നും ബാബു അഭ്യര്‍ത്ഥിച്ചു.
വനത്തില്‍ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ കേരള ഫോറസ്റ്റ് ആക്ട് 27 പ്രകാരം വാളയാര്‍ റേഞ്ച് ഓഫീസറാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയിലും കൂടുതല്‍ പേര്‍ മല കയറുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാബുവിന് എതിരെ കേസെടുത്തത്. ഇനി മല കയറുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി. ബാബുവിന് ഒപ്പം മല കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.