തിരുവനന്തപുരം: തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ആരോഗ്യവകുപ്പ് ഡെപ്യൂട്ട് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതലയുള്ളത്. നേരത്തെയുണ്ടായ കൊലപാതകമടക്കമുള്ള സംഭവങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.
മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. അന്തേവാസികളുടെയും സ്ഥാപനത്തിലെയും സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, സ്ഥാപനം രോഗീ സൗഹൃദമാക്കുക തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങളടിസ്ഥാനമാക്കി പ്രത്യേക സമിതിയെ വച്ച് പഠനം നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
ഇന്ന് രാവിലെ കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് പേർ ചാടിപോയിരുന്നു. ഇതിൽ ഒരു സ്ത്രിയെ വൈകിട്ടോടെ മലപ്പുറത്ത് നിന്ന് സ്ത്രീയെ കണ്ടെത്തിയിരുന്നു. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടന്ന വാർഡിലാണ് വീണ്ടും ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായത്. ചുമര് തുരന്ന് അന്തേവാസിയായ വനിത ചാടിപ്പോകുകയായിരുന്നു. പഴയ കെട്ടിടത്തിന്‍റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്നാണ് സൂപ്രണ്ട് പറഞ്ഞത്. രാവിലെ അഞ്ചരയ്ക്കായിരുന്നു സംഭവം. മറ്റൊരു വാർഡിൽ നിന്ന് ഒരു പുരുഷനും ചാടിപ്പോയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. രാവിലെ ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ ഓടിപ്പോയത്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

















