തിരുവനന്തപുരം: പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ സസ്ഥാന മനുഷ്യാവകാശ കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ പൊലീസ് മേധാവിക്ക് കമ്മിഷന് നിര്‍ദേശം നല്കി.
അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തിരുന്നു. തൃശൂര്‍ പട്ടിക്കാട് സ്വദേശി സി.എല്‍. ഔസേപ്പ് ആണ് അറസ്റ്റിലായത്. കുഴല്‍മന്ദം പോലീസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടത്തിന് മുന്‍പ് യുവാക്കളും ഔസേപ്പും തമ്മില്‍ വാക്കതര്ക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ബസ് തട്ടി യുവാക്കള്‍ ലോറിക്ക് അടിയിലേക്ക് വീണതെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസില്‍ ഡ്രൈവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്നതടക്കമുള്ള ബന്ധുക്കളുടെ ആരോപണവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്.
സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോര്‍ഡില്‍ പതിയുകയും വിവരം സോഷ്യല്‍ മീഡിയകളിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന അനുമാനത്തെ തുടര്‍ന്ന് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.