തിരുവനന്തപുരം: സോളാർ മാനനഷ്ടക്കേസിൽ വി.എസ് അച്യുതാനന്ദനെതിരായ സ്റ്റേ ഉത്തരവില്‍ ഉപാധിയുമായി കോടതി. 15 ലക്ഷം രൂപ കെട്ടിവയ്ക്കണം അല്ലെങ്കിൽ തത്തുല്യമായ ജാമ്യം വേണമെന്നും കോടതി നിർദേശിച്ചു. അച്യുതാനന്ദനെതിരായ വിധി ജില്ലാക്കോടതിയാണ് സ്റ്റേ ചെയ്തത്.
നേരത്തെ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട സബ് കോടതിയിലാണ് തുക കെട്ടിവെക്കേണ്ടെത്. ഉമ്മൻ ചാണ്ടിക്ക് 10.10 ലക്ഷം രൂപ നൽകാനായിരുന്നു വിധി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി സോളാർ നടത്തിപ്പ് നടത്തിയെന്ന വിഎസിന്റെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിനെതിരെയാണ് ഉമ്മൻചാണ്ടി മാനനഷ്ട കേസ് നൽകിയത്.
2013 ജൂലൈ ആറിന് ഒരു ടെലിവിഷൻ ചാനലിന് നൽകി അഭിമുഖത്തിലാണ് വിവാദ പരാമർശം. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്ന വി.എസിന്റെ പരാമർശമാണ് കേസിനാസ്പദമായത്. ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്നും ആരോപണമുണ്ടായി. ഇതിനെതിരെ ഉമ്മൻചാണ്ടി കേസിനു പോയി. 2019 സെപ്റ്റംബർ 24ന് കോടതിയിൽ നേരിട്ടെത്തി മൊഴിനൽകിയിരുന്നു.