മലപ്പുറം: നിലമ്പൂരില്‍ ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ് മരിച്ചത്.
രാവിലെ 11 മണിക്കാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. അര മണിക്കൂറിന് ശേഷമാണ് പിന്നീട് വീടിനു പുറത്തുള്ള ബക്കറ്റിൽ കുട്ടിയെ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
പിതാവ് ഇർഷാദ് സൗദിയിലാണ്. മൃതദേഹം നിലമ്പൂർ ആശുപത്രിയിലാണ്. മറ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.