കോഴിക്കോട്: കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി. അന്തേവാസിയായ ഉമ്മുക്കുൽസുവിനെയാണ് മലപ്പുറത്തുനിന്ന് പിടികൂടിയത്. മലപ്പുറം കളക്ടറുടെ വീട്ടിലെത്തിയപ്പോഴാണ് ഉമ്മുക്കുൽസു പിടിയിലായത്. ഏത് സാഹചര്യത്തിലാണ് ഉമ്മുക്കുൽസു കളക്ടറുടെ വീട്ടിലെത്തിയതെന്ന് വ്യക്തമല്ല.
ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടന്ന വാർഡിലാണ് വീണ്ടും ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായിരിക്കുന്നത്. ചുമര് തുരന്ന് അന്തേവാസിയായ വനിത ചാടിപ്പോകുകയായിരുന്നു.
മറ്റൊരു വാർഡിൽ നിന്ന് ഒരു പുരുഷനും ചാടിപ്പോയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡ് നിന്ന് തന്നെ സ്ത്രീ ചാടിപ്പോയത് വലിയ സുരക്ഷ വീഴ്ചയാണ് വ്യക്തമാക്കുന്നത്. പഴയ കെട്ടിടത്തിൻ്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു.
രാവിലെ അഞ്ചരയ്ക്കാണ് സംഭവം. രാവിലെ ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ ഓടിപ്പോയത്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.
ബുധനാഴ്ച വൈകിട്ട് ജിയ റാം ജിലോട്ടും കൊൽക്കത്ത സ്വദേശിനിയായ മറ്റൊരു അന്തേവാസിയും തമ്മിൽ സെല്ലിനുള്ളിൽ സംഘർഷം ഉണ്ടായിരുന്നു. കൊൽക്കത്ത സ്വദേശിനിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ അവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി ചികിത്സ നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ജിയ റാം മരിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് അധികൃതർ അറിഞ്ഞത്. ജീവനക്കാർക്ക് വീഴ്ചയുണ്ടായോ എന്ന് ആരോഗ്യവകുപ്പും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.