കണ്ണൂർ: മാതമംഗലത്തെ സിഐടിയു സമരത്തെ ന്യായീകരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കടയുടമ പറയുന്നത് പച്ചക്കള്ളമാണെന്നും തൊഴിൽ നിഷേധത്തിനെതിരെയാണ് സമരം നടന്നതെന്നും ജയരാജൻ പറഞ്ഞു. മാതമംഗലത്തെ സിഐടിയു സമരം തൊഴിൽ സംരക്ഷണത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. മാതമംഗലത്ത് കടപൂട്ടിയത് സിഐടിയു സമരം കൊണ്ടല്ല.
പൂട്ടുന്നവരല്ല, തുറപ്പിക്കുന്നവരാണ് സിഐടിയു. കട ഉടമ പ്രശ്ന പരിഹാരത്തിന് വന്നിരുന്നു. സിപിഎം വിരുദ്ധരാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. തൊഴിലാണ് ചോദിച്ചത്. തൊഴിൽ ചോദിച്ചത് പാതകമാണോ. കോടതി പലതും പറയുന്നു. ചുമട്ട് തൊഴിലാളിക്ക് ജോലി കൊടുത്ത് പ്രശ്നം തീർക്കണമെന്ന് മാതമംഗലത്തെ കടയുടമയോട് അഭ്യർഥിക്കുന്നു.
ഗ്രാമങ്ങളിൽ നൻമയുടെ പ്രതീകങ്ങളാണ് ചുമട്ട് തൊഴിലാളികൾ. പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ടു വന്നാൽ അറബിക്കടലിൽ ചാടുകയാണോ വേണ്ടത്. നോക്കുകൂലിക്കെതിരെ ആദ്യം ശബ്ദിച്ചത് സി ഐ ടി യു ആണ്. നോക്കുകൂലി ചോദിച്ചില്ല, തൊഴിലാണ് ചോദിച്ചത്.
സിഐടിയു നേതാവ് പൊലീസിനെതിരെ പറഞ്ഞത് ഒറ്റപ്പെട സംഭവമാണ്. മാതമംഗലത്തേത് പ്രാദേശിക പ്രശ്നമാണ്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും.വിവാഹ ആഭാസം അക്രമത്തിലേക്ക് നീങ്ങുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തോട്ടടയിൽ കണ്ടത്. കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ബി ജെ പി യുടെ ശ്രമം. വിവാഹ സ്ഥലത്തെ തർക്കമാണ് പ്രശ്നത്തിന് കാരണം. അത് മനസിലാക്കാതെ ബോധപൂർവം സിപിഎമ്മിനെ അതിലേക്ക് വലിച്ചിഴയ്ക്കുന്നു.
വിവാഹസ്ഥലത്ത് അക്രമം നടത്തിയാൽ അത് ദൗർഭാഗ്യകരമാണ്. പാർട്ടി പ്രവർത്തകർ ആഭാസത്തിന് നിന്നാൽ അത് ദൗർഭാഗ്യകരമാണ്. പോലീസ് ശരിയായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.