പാലക്കാട്: ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുത്തു. വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്. ബാബുവിനൊപ്പം മലകയറിയ വിദ്യാർഥികൾക്കെതിരേയും കേസെടുത്തു.
ബാബുവിനെതിരെ കേസെടുക്കില്ലെന്ന് നേരത്തെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ഈ സംഭവത്തോടെ ഇത്തരം സ്ഥലങ്ങളിലേക്ക് ആളുകൾക്ക് വരാനുള്ള താത്പര്യം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സ്വാഭാവിക നടപടി ആയിക്കോട്ടെ എന്ന് ബാബുവിന്റെ ഉമ്മ പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥർ ബാബുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ പിഴയോ ലഭിച്ചേക്കാം.
ബാബുവിനെ രക്ഷപ്പെടുത്തിയതിനു പിന്നാലെ, ഇന്നലെ വീണ്ടും ഒരാൾ മല കയറിയിരുന്നു. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തിൽപ്പെട്ട രാധാകൃഷ്ണൻ (45) എന്നയാളെയാണ് വന മേഖലയിൽ കണ്ടെത്തിയത്. ആറ് മണിക്കാണ് ഇയാൾ മല കയറിയത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്.
വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാർ നടത്തിയത്.