മോസ്കോ : പസഫിക് സമുദ്രത്തിൽ തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ച യു.എസിന്റെ വിർജീനിയ ക്ലാസ് വിഭാഗത്തിലെ ആണവ അന്തർവാഹിനിയെ തുരത്തിയെന്ന വാദവുമായി റഷ്യ രംഗത്ത്. കുറിൽ ദ്വീപിന് സമീപം മുന്നറിയിപ്പ് അവഗണിച്ച് മേഖലയിലേക്ക് കടന്നതോടെയാണ് റഷ്യൻ നേവിയുടെ കപ്പൽ യു.എസ് അന്തർവാഹിനിയെ സമുദ്രാതിർത്തിയിൽ നിന്ന് തുരത്തി ഓടിച്ചത്.
പക്ഷെ , റഷ്യ പറയുന്ന പസഫിക് മേഖലയിൽ തങ്ങൾ മിലിട്ടറി ഓപ്പറേഷൻസ് ഒന്നും നടത്തുന്നില്ലെന്നും സംഭവം വാസ്തവരഹിതമാണെന്നും പറഞ്ഞ യു.എസ് ആരോപണം തള്ളി.പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10.30നാണ് അന്തർവാഹിനി തങ്ങളുടെ മേഖലയിൽ കടന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നു. സംഭവത്തിന് പിന്നാലെ യു.എസ് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്നും തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയെന്നും റഷ്യ ആരോപിക്കുകയും ചെയ്യുന്നു.