അബുദാബി: യുഎഇക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പിന്തുണയുമായി അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ അബുദാബിയിൽ എത്തി. ശനിയാഴ്‍ചയാണ് ആറ് എഫ് -22 യുദ്ധവിമാനങ്ങള്‍ വിര്‍ജീനിയയിലെ യു.എസ് എയര്‍ഫോഴ്‍സ് ബേസില്‍ നിന്ന് അബുദാബിയിലെ അല്‍ ദഫ്റ വ്യോമ താവളത്തിൽ എത്തിയത്. യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ ആക്രമണം പ്രതിരോധിക്കാന്‍ യുഎഇക്ക് പിന്തുണ നല്‍കുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.
അബുദാബിയിലെ അല്‍ ദഫ്റ എയര്‍ ബേസില്‍ നിലവില്‍ രണ്ടായിരം അമേരിക്കന്‍ സൈനികരാണുള്ളത്. എത്ര യുദ്ധവിമാനങ്ങളാണ് ഇപ്പോള്‍ യുഎഇയിലേക്ക് അയച്ചതെന്ന് അമേരിക്ക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ ആറ് എഫ് – 22 വിമാനങ്ങള്‍ യുഎഇയിലേക്ക് പുറപ്പെടുന്ന ചിത്രങ്ങള്‍ യു.എസ് വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിന് ഇപ്പോള്‍ തന്നെ ശക്തമായ സംവിധാനങ്ങളുള്ള യുഎഇ വ്യോമ സേനയ്‍ക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ വ്യോമസേനയുടെ പ്രസ്‍താവനയിലൂടെ വ്യക്തമാക്കുന്നു .