കണ്ണൂര്‍: തോട്ടടയില്‍ വിവാഹ ചടങ്ങിനിടെ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബോംബെറിഞ്ഞ ആളെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ. ഒളിവിലുള്ള ഏച്ചൂര്‍ സ്വദേശി മിഥുന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പിടിയിലായ മറ്റുപ്രതികളുടെയും നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബോംബെറിഞ്ഞത് മിഥുനാണെന്ന് പൊലീസിന് വ്യക്തമായത്. സംഭവത്തില്‍ ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സി കെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നു. ഏറുപടക്കം വാങ്ങി സ്ഫോടകവസ്തുക്കള്‍ ചേര്‍ത്താണ് നാടന്‍ ബോംബ് നിർമിച്ചത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ബോംബുമായി എത്തിയ സംഘത്തില്‍പ്പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്ന് എത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു.