തിരുവനന്തപുരം;സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ തിങ്കളാഴ്ച അധ്യയനം പുനരാരംഭിക്കുന്നു. ആദ്യത്തെ ഒരാഴ്ച ഉച്ചവരെ ബാച്ചുകളായുള്ള അധ്യയനം തുടരും.സ്കൂളുകളോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസുകളും തിങ്കളാഴ്ച ആരംഭിക്കും. ഇവർക്ക് തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം പേരെ പങ്കെടുപ്പിച്ച് ഉച്ചവരെ ക്ലാസ് നടത്താം. പൊതു അവധി ഒഴികെയുള്ള മുഴുവൻ ശനിയാഴ്ചകളിലും പ്രവർത്തിക്കും.
ഈ മാസം 21 മുതൽ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ബാച്ച് സമ്പ്രദായം ഒഴിവാക്കി, മുഴുവൻ കുട്ടികളെയും ഒന്നിച്ചിരുത്തി വൈകീട്ട് വരെയുള്ള ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തീരുമാനം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്കൂളുകൾക്കും ബാധകമാണ്. നിലവിൽ 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് രാവിലെ മുതൽ വൈകീട്ട് വരെ ബാച്ചുകളായുള്ള അധ്യയനം തുടരുന്നുണ്ട്.
എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ നടത്തും. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡല്‍ പരീക്ഷകള്‍മാര്‍ച്ച് 14 മുതല്‍ നടത്തും.+2, പത്താം ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേകം കര്‍മ്മപദ്ധതി തയാറാക്കണം. 21 മുതല്‍ പിടിഎ യോഗങ്ങള്‍ ചേരണം. അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണ്.സ്കൂളിലെത്താന്‍ ബുദ്ധിമുട്ടുള്ളവരൊഴികെ ബാക്കിയുള്ളവര്‍ സ്കൂളിലെത്തണമെന്നാണ് നിര്‍ദ്ദേശം.
ഹാജര്‍ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്കൂളിലേക്കെത്തിക്കാന്‍ അധ്യാപകര്‍ക്ക് ചുമതല നല്കി. യൂണിഫോമും തിരികെയെത്തുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ തീരുമാനം ബാധകമാണ്.ഭിന്നശേഷിക്കാരടക്കം സ്കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ – ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.