പാലക്കാട്: ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയായി സംശയം. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങി.
ചെറാട് മലയുടെ ഏറ്റവും മുകളില്‍ നിന്നാണ് ലൈറ്റുകള്‍ തെളിയുന്നത്. ഇത് മൊബൈല്‍ ലൈറ്റ് അല്ലെന്ന് വ്യക്തമാണ്. ഒരാളാണോ രണ്ട് പേരാണോ എന്ന് വ്യക്തമല്ല. ഒന്നില്‍കൂടുതല്‍ പേരുണ്ടെന്നാണ് അനുമാനം.
വനംവകുപ്പും നാട്ടുകാരും ഇവിടെ എത്തിയിട്ടുണ്ട്. ഇവര്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്. അല്പ സമയത്തിനകം താഴേക്ക് എത്തുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും കരുതുന്നത്.
മലയിൽ കയറിയവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. രാത്രി ആയതിനാൽ അത് സാഹസികമായ ദൗത്യമാണെന്നും എങ്കിലും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞദിവസം ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.
മലയിൽ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയിൽ കയറരുത് എന്ന് വനംവകുപ്പ് ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയാണ് ഇപ്പോൾ ആളുകൾ കയറിയിരിക്കുന്നത്. മലയുടെ ഏറ്റവും മുകളിൽ നിന്നാണ് ഫ്ലാഷ് കാണുന്നത്.