ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ ഇടയില്‍ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ മോശമാണെന്ന് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റി സമിതിയുടേതാണ് കണ്ടെത്തലുകള്‍.
സാധാരണക്കാരോടും സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരോടുമുള്ള പൊലീസിന്റെ സമീപനം ശരിയായ രീതിയിലല്ലാത്തതാണ് ഇതിന് പ്രധാന കാരണമായി പാര്‍ലമെന്ററി സമിതി വിലയിരുത്തുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായി അഴിമതി ആരോപണങ്ങള്‍ ഉയരുന്നതിലും സമിതി ആശങ്ക രേഖപ്പെടുത്തി. ഈ റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
സാധാരണക്കാരോടുള്ള പൊലീസിന്റെ പെരുമാറ്റം വിമര്‍ശന വിധേയമാകുന്ന പശ്ചാത്തലത്തില്‍ ഇതിനായുള്ള പൊലീസ് ട്രെയിനിംഗ് ശക്തമാക്കണമെന്ന നിര്‍ദ്ദേശമാണ് സമിതി മുന്നോട്ടുവെക്കുന്നത്. പദവി അനുസരിച്ച് പെരുമാറുക എന്ന രീതിവിട്ട് ജനങ്ങളുടെ അവകാശങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പെരുമാറുക എന്ന സമീപനമാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഇക്കാര്യം ഊന്നിക്കൊണ്ടുള്ള പരിശീലനമാണ് ഇനി പൊലീസിന് നല്‍കേണ്ടതെന്നാണ് നിര്‍ദേശം.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ദേശീയ പൊലീസ് അക്കാദമിക്ക് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. താഴെത്തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഐപിഎസ് തലം വരെയുള്ള എല്ലാവരുടേയും കൃത്യനിര്‍വഹണം വിലയിരുത്താനുള്ള വിവിധ മാര്‍ഗങ്ങള്‍ ആരായാനും പാര്‍ലമെന്ററി സമതി നിര്‍ദേശിച്ചിട്ടുണ്ട്.