കണ്ണൂർ: കല്യാണ സംഘത്തിനു നേരെ ബോംബ് എറിഞ്ഞ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. എച്ചൂർ സ്വദേശികളായ അക്ഷയ്, റിജുൽ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ബോംബ് ഏറിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സംഘത്തിലുള്ളവരാണ് പിടിയിലായത്.
സംഘാംഗം എറിഞ്ഞ നാടൻബോംബ് ജിഷ്ണുവിന്റെ തലയിൽ കൊള്ളുകയായിരുന്നു. സംഘം ആദ്യം എറിഞ്ഞ നാടൻബോംബ് പൊട്ടിയില്ല. ഇത് എടുക്കാൻ പോകുമ്പോൾ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിൽ വീഴുകയായിരുന്നു.
തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടേത് സാരമായ പരിക്കാണ്. ഇവരെ ചാലയിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.