ന്യൂഡല്‍ഹി: എബിജി ഷിപ്പ്‌യാഡിനെതിരായി സിബിഐ കണ്ടെത്തിയ ബാങ്ക് തട്ടിപ്പില്‍ ബിജെപിക്കും പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. 75 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിനെതിരെ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും തട്ടിപ്പില്‍ സര്‍ക്കാരിനും പങ്കുണ്ടെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ്‌സിങ് സുര്‍ജേവാലയാണ് ബിജെപി സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്.
ബാങ്ക് തട്ടിപ്പുകാര്‍ക്കായി മോദി സര്‍ക്കാര്‍ ‘തട്ടിച്ച് രക്ഷപ്പെടുന്ന പദ്ധതി’ തുടങ്ങിയിട്ടുണ്ട്. ആ പദ്ധതിപ്രകാരം പണമെടുത്ത് മുങ്ങിയ ഛോട്ടാ മോദിയെന്ന നീരവ് മോദി, മെഹുല്‍ ചോക്‌സി, അമി മോദി, നീഷാല്‍ മോദി, ലളിത് മോദി, വിജയ് മല്യ, ജതിന്‍ മേത്ത, ചേതന്‍ സന്ദേശര, നിതിന്‍ സന്ദേശര തുടങ്ങിയ തട്ടിപ്പുകാര്‍ക്ക് കേന്ദ്ര ഭരണകൂടവുമായി അടുത്ത ബന്ധമാണ് ഉള്ളത്- സര്‍ജെവാലെ ആരോപിച്ചു.
28 ബാങ്കുകളില്‍ നിന്നായി 22,842 കോടി രൂപയുടെ തട്ടിപ്പാണ് എബിജി ബാങ്കുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് കണ്ടെത്തല്‍. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്നാണ് ഇതിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. എന്നിട്ടും തട്ടിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം.
പരമാവധി കൊള്ളയടിച്ചിട്ട് രാജ്യം വിടാനായി തട്ടിപ്പുകാര്‍ക്ക് മോദി സര്‍ക്കാര്‍ അവസരം ഒരുക്കിക്കൊടുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 5,35,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് രാജ്യത്ത് നടന്നതെന്നും തട്ടിപ്പുകള്‍ രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തെ ആകെ തകര്‍ത്തെന്നും രണ്‍ദീപ്‌സിങ് സുര്‍ജേവാല ആരോപിച്ചു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് എബിജി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഋഷി കമലേഷ് അഗര്‍വാളിനെതിരെയും മറ്റ് ഡയറക്ടര്‍മാര്‍ക്കെതിരെയും സിബിഐ കേസെടുത്തത്. തട്ടിപ്പ് നടക്കുന്ന കാലത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സന്താനം മുത്തസ്വാമി, ഡയറക്ടര്‍മാരായ അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നെവേഷ്യ എന്നിവര്‍ക്കെതിരേയും കേസെടുത്തു.
തട്ടിപ്പിന്റെ വിവരങ്ങള്‍ അഞ്ച് വര്‍ഷം മുമ്ബ് തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.