കൊച്ചി: എയർഏഷ്യ ഇന്ത്യയുടെ ആദ്യ രാജ്യാന്തര വിമാന സർവീസ് നെടുമ്പാശേരിയിൽനിന്ന് ദുബൈയിലേക്ക്. ആദ്യഘട്ടത്തിൽ കാർഗോ സർവീസുകളാണ് ആരംഭിക്കുക.
ഇതു സംബന്ധിച്ച എയർഏഷ്യയുടെ അറിയിപ്പ് സിയാലിൽ ലഭിച്ചു. എന്നാൽ സർവീസുകൾ സംബന്ധിച്ച വ്യക്തമായ ഷെഡ്യൂൾ ലഭ്യമായിട്ടില്ല. പ്രത്യേക കാർഗോ വിമാന സർവീസ് തുടങ്ങുന്നതോടെ ആവശ്യമനുസരിച്ച് ഈ സർവീസുകളുടെ എണ്ണം ക്രമീകരിക്കാനാകും.
നെടുമ്പാശേരിയിൽ നിന്നുള്ള കയറ്റുമതിയുടെ ഭൂരിഭാഗവും പഴങ്ങളും പച്ചക്കറികളുമാണ്. യാത്രാ വിമാനങ്ങൾക്ക് പരിമിതമായ അളവിൽ മാത്രമേ ചരക്ക് കടത്താൻ കഴിയൂ. ടാറ്റ സൺസിന്റെയും എയർഏഷ്യ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് എയർ ഏഷ്യ ഇന്ത്യ.
ടാറ്റ ഗ്രൂപ്പിന് എയർഏഷ്യ ഇന്ത്യയിൽ 83.6 ശതമാനം ഓഹരിയുണ്ട്. എയർഏഷ്യ മലേഷ്യയിൽനിന്ന് ബാക്കി 16.4 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.