പാട്യാല: ബി.ജെ.പി അധികാരത്തിലെത്തിയാല്‍ പഞ്ചാബിനെ ലഹരി വിമുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ. ബി.ജെ.പിക്ക് ഒരവസരം നല്‍കാന്‍ പഞ്ചാബിലെ ജനങ്ങള്‍ തയ്യാറാവണമെന്ന് അമിത് ഷാ അഭ്യര്‍ഥിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലെത്തിയാല്‍ ബി.ജെ.പി പഞ്ചാബിനെ ലഹരി വിമുക്തമാക്കും. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ സാധിക്കുന്ന ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
സിഖുകളുടെ വികസനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്കാലത്തും പ്രവര്‍ത്തിച്ചത്. സുവര്‍ണ ക്ഷേത്രത്തിന് വിദേശ സഹായത്തിനുള്ള അനുമതി നല്‍കിയത് മോദിയാണ്. ഗുരുദ്വാരകളിലെ പൊതു അടുക്കളകളായ ലംഗറുകള്‍ക്ക് അദ്ദേഹം നികുതി ഒഴിവാക്കി നല്‍കി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരു ഗ്രന്ഥ് സാഹിബ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ ഇടപെട്ടതും മോദിയാണെന്ന് ഷാ ചൂണ്ടിക്കാട്ടി.