കണ്ണൂർ: തോട്ടടയിൽ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘാംഗം തന്നെയെന്ന് വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. അക്രമി സംഘം എറിഞ്ഞ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയ്ക്കാണ് വീണത്. ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല.
വിവാഹ വീട്ടില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഏച്ചൂരിൽ നിന്ന് വന്ന വരന്റെ സംഘവും വരന്റെ നാട്ടുകാരായ യുവാക്കളും രണ്ട് ചേരിയായി സംഘർഷത്തിലേർപ്പെട്ടു.
ജീപ്പിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബോബ് തലയില്‍ പതിച്ച ജിഷ്ണു തല്‍ക്ഷണം മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം മൃതദേഹം അരമണിക്കൂറോളമാണ് റോഡില്‍ കിടന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്താണ് ജിഷ്ണുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അതിനിടെ ബോംബേറ് നടന്ന സ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മിൽ സംഘർഷമുണ്ടായി. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. നാടൻ ബോംബാണ് സംഘം ഉപയോഗിച്ചത്. പൊട്ടാതെ ബാക്കിയായ ബോംബ് പൊലീസ് നിർവീര്യമാക്കി. ഇത് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.