പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ‘ഹൃദയ’ത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18നാണ് പ്രീമിയര്‍. ജനുവരി 21 നാണ് ഹൃദയം തിയറ്ററിൽ എത്തിയത്. തിയറ്ററുകളിലെത്തിയതിന്‍റെ 25-ാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്‍റെ മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’ക്കു ശേഷം ഡിസ്‍നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണിത്. എന്നാല്‍ ബ്രോ ഡാഡി ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം ട്വിറ്ററിലൂടെയാണ് വിവരം പങ്കുവച്ചത്. ‘ഹൃദയം’ തിയറ്ററിൽ മികച്ച വിജയമാണ് നേടിയത്. കോവിഡ് പ്രതിസന്ധിക്കിടയിലും ചിത്രം വിജയകരമായി മുന്നേറുകയായിരുന്നു. പ്രണവിനൊപ്പം ദർശനയും കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പ്രണവിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ചിത്രത്തെ വിലയിരുത്തിയത്. പ്രണവ് അവതരിപ്പിച്ച അരുൺ എന്ന യുവാവിൻ്റെ കോളജ് കാലഘട്ടം മുതലുള്ള ജീവിതമാണ് ചിത്രത്തിലുള്ളത്.
വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഹിഷാം അബ്‍ദുള്‍ വഹാബാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’.
ഇനി നമ്മുടെ ഹൃദയം ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ…#Hridayam streaming from February 18th on #DisneyPlusHotstar #HridayamOnHotstar #DisneyPlusHotstarMalayalam #DisneyPlusHotstar@impranavlal @kalyanipriyan @darshanarajend @Vineeth_Sree @HeshamAWMusic @MerrylandCine @DisneyPlusHS pic.twitter.com/kgp0sVDhc4
— DisneyPlus Hotstar Malayalam (@DisneyplusHSMal) February 12, 2022