പാലക്കാട് : പാലക്കാട് മുതലമട ചപ്പക്കാട് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വനവിഭവം ശേഖരിക്കാൻ പോയ പ്രദേശവാസിയാണ് തലയോട്ടി ആദ്യം കണ്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ കാണാതായ യുവാക്കളിൽ ആരുടേതെങ്കിലുമാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക് അയക്കും. ശനിയാഴ്ച്ച വൈകിട്ട് വനവിഭവം ശേഖരിക്കാൻ പോയ ചപ്പക്കാട്ട് സ്വദേശിയായ അയ്യപ്പനാണ് തലയോട്ടി ആദ്യം കണ്ടത്. ഇക്കാര്യം കാണാതായ യുവാക്കളുടെ കുടുംബമാണ് പൊലീസിനെ അറിയിച്ചത്. ചിറ്റൂർ ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ പരിശോധന നടത്തി. വനത്തിനകത്തെ തോട്ടിൽ നിന്നാണ് തലയോട്ടി കണ്ടെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് പ്രദേശത്തെ രണ്ട് യുവാക്കളെ കാണാതായിരുന്നു. ലക്ഷം വീട് കോളനിയിലെ സാമുവൽ, മുരുകേശൻ എന്നിവരെയാണ് കാണാതായത്. പൊലീസ് വിപുലമായ തിരച്ചിൽ ഇവിടെ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഈ വനത്തിലേക്ക് യുവാക്കൾ കടന്നിരുന്നുവെന്നാണ് പൊലീസിസിന്റെ കണ്ടെത്തൽ.