ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന് സംഗീതാദരവുമായി നടൻ സൽമാൻ ഖാൻ. ലതാ മങ്കേഷ്കറിൻ്റെ പ്രശസ്തമായ ഗാനങ്ങളിലൊന്നായ ‘ലഗ് ജാ ഗലേ’ ആലപിക്കുന്നതിൻ്റെ വീഡിയോ ആണ് താരം പങ്കുവച്ചത്. “ലതാജി നിങ്ങളെ പോലെ ഒരാളുമില്ല, ഒരാളുണ്ടാവുകയുമില്ല” എന്ന കുറിപ്പോടെയാണ് സൽമാൻ വീഡിയോ പോസ്റ്റ് ചെയ്തത്.
മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതിനോടകം 23 ലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്. 1964ൽ പുറത്തിറങ്ങിയ ‘വോ കോൻ ദി’ എന്ന ചിത്രത്തിനുവേണ്ടിയാണ് ലതാ മങ്കേഷ്കർ ഈ ഗാനം ആലപിച്ചത്. രാജാ മെഹന്ദി അലി ഖാൻ എഴുതിയ ഗാനത്തിൻ്റെ വരികൾക്ക് മദൻ മോഹനാണ് സംഗീതം നൽകിയിരിക്കുന്നത്. നേരത്തെ ലത മങ്കേഷ്കറിനൊപ്പം ഒരു അവാർഡ് വേദി പങ്കിടുന്ന ചിത്രം പങ്കുവച്ച് സൽമാൻ ഗായികയ്ക്ക് ആദരം അർപ്പിച്ചിരുന്നു. “വാനമ്പാടി നിങ്ങളെ മിസ് ചെയ്യും. എന്നാൽ നിങ്ങളുടെ ശബ്ദം ഞങ്ങളോടൊപ്പം എന്നേക്കും ജീവിക്കും”എന്നാണ് താരം കുറിച്ചത്. ഫെബ്രുവരി ആറിനാണ് കോവിഡിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ ലതാ മങ്കേഷ്കർ വിടപറയുന്നത്.