ന്യൂഡൽഹി: ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (AIMIM) നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ പരാമര്‍ശം. ഒവൈസി തന്നെയാണ് പ്രസംഗത്തിൻ്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ശിരോവസ്ത്രം ധരിച്ച സ്ത്രീകൾ കോളജിൽ പോകുമെന്നും ജില്ല കലക്ടർമാർ, മജിസ്‌ട്രേറ്റ്‌മാർ, ഡോക്‌ടർമാർ, ബിസിനസുകാരികൾ തുടങ്ങിയവരാവുമെന്നും ഉവൈസി ഞായറാഴ്ച ട്വിററിൽ പങ്കുവെച്ച ഒരു വീഡിയോയിൽ പറഞ്ഞു.
‘അത് കാണാൻ ഒരുപക്ഷേ ഞാൻ ഉണ്ടായേക്കില്ല. പക്ഷേ എൻ്റെ വാക്കുകൾ എഴുതിവെച്ചോളൂ… ഒരു ദിവസം ഹിജാബ് ധരിച്ച പെൺകുട്ടി പ്രധാനമന്ത്രിയാകും’-ഉവൈസി പറഞ്ഞു. ‘നമ്മുടെ പെൺമക്കൾ ശിരോവസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുകയും മാതാപിതാക്കളോട് പറയുകയും ചെയ്താൽ അവർ അതിനെ പിന്തുണയ്ക്കും. അവരെ തടയാൻ ആർക്ക് കഴിയുമെന്ന് നോക്കാം’-ഉവൈസി കൂട്ടിച്ചേർത്തു.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി തേടിയുള്ള ഹർജിയിൽ അന്തിമ തീരുമാനമുണ്ടാക്കുംവരെ മതപരമായ വസ്ത്രങ്ങൾക്ക് താൽക്കാലിക അനുമതി നിഷേധിച്ച് ഹൈകോടതി. വിശദമായ വാദം കേൾക്കുന്നതിന് കേസ് തിങ്കളാഴ്ച ഉച്ചക്ക് 2.30ലേക്ക് മാറ്റിവെച്ചു. ഡിസംബർ അവസാനത്തോടെ കർണാടകയിലെ ഉഡുപ്പി ഗവ. പി യു കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത സംഭവമാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ശിരോവസ്ത്രം ധരിച്ചെത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ കാവി ഷാൾ അണിഞ്ഞെത്തിയായിരുന്നു പ്രതിഷേധിച്ചത്. സംഘർഷാവസ്ഥയിലെത്തിയതോടെ വെള്ളിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.