ശ്രീഹരിക്കോട്ട: മലയാളിയായ ചെയര്മാന് സ്ഥാനമേറ്റെടുത്തതിനു പിറകെ ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങി ഇസ്റോ. ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഏറ്റവും ആധുനിക ഉപഗ്രമായ ഇ.ഒ.എസ് –04 തിങ്കളാഴ്ച രാവിലെ ആറുമണിയോടു കൂടി ആകാശലക്ഷ്യം കേന്ദ്രമാക്കി യാത്ര തിരിക്കും. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളുടെ കുഞ്ഞന്‍ ഉപഗ്രഹവും ഇതോടൊപ്പം ഭ്രമണപഥത്തിലെത്തും.
പ്രണയദിനത്തിൽ പുലർച്ചെ 5.59നാണ് എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് ആയ ഇഒഎസ്-04ന്റെ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ളത്. 1710 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 529 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പി.എസ്.എൽ.വി C52 എത്തിക്കുക. കൃഷി, വനം, തോട്ടങ്ങൾ, മണ്ണിലെ ഈർപ്പം, ജലശാസ്ത്രം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായി എല്ലാ കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ രൂപകൽപന ചെയ്ത റഡാർ ഇമേജിങ് സാറ്റലൈറ്റാണ് ഇഒഎസ്-04.
ഇഒഎസ്-04നൊപ്പം മറ്റ് രണ്ട് ഉപഗ്രഹങ്ങൾ കൂടി പി.എസ്.എൽ.വി ഭ്രമണപഥത്തിൽ എത്തിക്കും. കൊളറാഡോ യൂണിവേഴ്സിറ്റിയിലെ അറ്റ്മോസ്ഫെറിക് ആൻഡ് സ്പേസ് ഫിസിക്സ് ലബോറട്ടറിയുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) തയാറാക്കിയ സ്റ്റുഡന്റ് സാറ്റലൈറ്റ് ആയ ഇൻസ്പെയർ സാറ്റ്-1ഉം ഇന്ത്യ-ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന്റെ (ഐഎൻഎസ്-2ബി) മുന്നോടിയായ ഇസ്റോയുടെ ടെക്നോളജി ഡെമോൻസ്ട്രേറ്റർ സാറ്റലൈറ്റായ ഐഎൻഎസ്-2റ്റിഡിയും ആണിത്.