കോഴിക്കോട്: എൽഡിഎഫ് ഘടകകക്ഷിയായ ഐ എൻ എൽ വീണ്ടും പിളർപ്പിലേക്കെന്ന് റിപ്പോർട്ടുകൾ. നിലവിലുള്ള സംസ്ഥാനകമ്മറ്റി പിരിച്ചുവിടാൻ നീക്കം. ഇന്ന് ചേരുന്ന ദേശീയ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നാണ് വിവരം. മുതിർന്ന നേതാവായ കാസിം ഇരിക്കൂർ പക്ഷമാണ് പുതിയ നീക്കത്തിന് പിന്നിൽ.
നേരത്തെ ഉണ്ടായ പിളർപ്പിന് ശേഷം യോജിച്ചുവെങ്കിലും ഇരുപക്ഷവും തങ്ങളുന്നയിച്ച പ്രധാന പ്രശ്നങ്ങളിൽ തർക്കം തുടരുകയായിരുന്നു. എൽഡിഎഫ് നൽകിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ പങ്കിടുന്നതടക്കം തർക്കം കാരണം നീണ്ടു. ഇനി യോജിച്ച് പോകാനാവില്ലെന്നാണ് കാസിം ഇരിക്കൂർ പക്ഷത്തിന്റെ നിലപാട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാനാണ് ദേശീയ കൗൺസിൽ ഇന്ന് ചേരുന്നതെന്നാണ് വാദമെങ്കിലും കേരളഘടകത്തെ പിരിച്ച് വിടലാണ് പ്രധാന അജണ്ട.